Thursday, June 6, 2013

പാഠ്യപദ്ധതി പ്രതിസ്ഥാനത്തല്ല


സേതുനാഥ് ആര്‍


'പൊതുവിദ്യാഭ്യാസം പിന്‍ബഞ്ചിലേക്ക്' എന്ന ലേഖന പരമ്പരയിലെ നിഗമനങ്ങളോടുള്ള ഒരു വിയോജനം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം നിലവിലുള്ള പാഠ്യപദ്ധതിയും ബോധന രീതിയുമാണെന്ന് വരുത്തിതീര്‍ക്കുന്നത് പ്രശ്‌നത്തെ ലഘൂകരിച്ച് കാണലാണ്.


അനുദിനം വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ പു നരുജ്ജീവനം എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച 'പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക്' എന്ന ലേഖനപരമ്പര (മെയ് 28-ജൂണ്‍ 1) മുന്നോട്ടുവെക്കുന്ന പൊതുവികാരത്തോട് യോജിക്കുന്നു. എന്നാല്‍, കേരളത്തിലെ പൊതുവിദ്യാഭ്യാസം, പ്രത്യേകിച്ചും സംസ്ഥാന പാഠ്യപദ്ധതി പിന്‍തുടരുന്ന വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം അപ്പാടെ തകര്‍ന്നു എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ ആശയപരമായും വസ്തുതാപരമായും ലേഖകന്‍ വരുത്തിയിട്ടുള്ള പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തെക്കുറിച്ചോ അത് നല്‍കേണ്ട മാര്‍ഗത്തെക്കുറിച്ചോ ആഗോളതലത്തില്‍ത്തന്നെ യാതൊരുവിധ അഭിപ്രായസമന്വയവും നിലവിലില്ല. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ ലേഖനപരമ്പരയില്‍ പരാമര്‍ശ വിധേയമായത് ഇതിനൊരു പരോക്ഷസാക്ഷ്യമാണ്. എന്നാല്‍, ഈ സത്യം അംഗീകരിക്കാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം നിലവിലുള്ള പാഠ്യപദ്ധതിയും ബോധനരീതിയുമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് ലേഖനപരമ്പരയില്‍ ഉടനീളം ദൃശ്യമാകുന്നത്.

നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പാഠ്യപദ്ധതി പരിഷ്‌കരണവും നിരന്തര പരീക്ഷാസമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കുമാണെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേ കാണാനാകൂ. കേരളീയര്‍ സ്വകാര്യ-ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നത്, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി കാലഹരണപ്പെട്ടതായതുകൊണ്ടും സ്വകാര്യ വിദ്യാലയങ്ങളിലെ പഠനനിലവാരം സര്‍ക്കാര്‍ വിദ്യാലയങ്ങളിലേതിനേക്കാള്‍ മികച്ചതായതുകൊണ്ടുമാണെന്ന് സമകാലികമായ യാതൊരുവിധ ശാസ്ത്രീയപഠനങ്ങളുടെയും പിന്‍ബലമില്ലാതെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതിയും സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുമെല്ലാംതന്നെ 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരിക്കെ, സംസ്ഥാനത്തെ പാഠ്യപദ്ധതിയുടെ കുഴപ്പംകൊണ്ടാണ് കുട്ടികള്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലേക്ക് ഒഴുകുന്നത് എന്നത് എങ്ങനെ അംഗീകരിക്കാനാകും? 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഡോ. യശ്പാലിന്റെ നേതൃത്വത്തില്‍ 35 വിദഗ്ധര്‍ അടങ്ങുന്ന ഒരു സമിതിയാണ്. അതുകൊണ്ടുതന്നെ, ശക്തമായ തെളിവുകളില്ലാതെ പാഠ്യപദ്ധതിക്കെതിരെ വാളോങ്ങുന്നതിനുമുമ്പ് സമഗ്രമായ വിശകലനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പരമ്പരയുടെ ആദ്യ അധ്യായത്തില്‍ ലേഖകന്‍ 'പ്രഥം' എന്ന സംഘടനയുടെ 2012-ലെ 'അസര്‍' റിപ്പോര്‍ട്ടില്‍നിന്ന് ഉദ്ധരിച്ച കണക്കുകള്‍ പലതും വസ്തുനിഷ്ഠമല്ല. 'അസര്‍' റിപ്പോര്‍ട്ട് വിദ്യാലയാധിഷ്ഠിതമായുള്ള ഒരു പഠനമല്ല. മറിച്ച് ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ 'പ്രഥം' പ്രത്യേകമായി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ അവരുടെ വീടുകളില്‍ച്ചെന്ന് നിലവാരം അളക്കുകയാണ് പതിവ്. വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ കുട്ടി ഏതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന് രേഖപ്പെടുത്തുമെങ്കിലും അവലോകനങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ (ഗവണ്മെന്റ്), സ്വകാര്യമേഖല (പ്രൈവറ്റ്) എന്നീ രണ്ടുവിഭാഗമായിമാത്രം വേര്‍തിരിച്ചാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. സ്വകാര്യമേഖല എന്നതില്‍ എയ്ഡഡ് മേഖലയിലെയും അണ്‍ എയ്ഡഡ് മേഖലയിലെയും വിദ്യാലയങ്ങള്‍ ഉള്‍പ്പെടും. അവയുടെ വേര്‍തിരിച്ച കണക്കുകള്‍ റിപ്പോര്‍ട്ടില്‍നിന്ന് ലഭ്യമല്ല. ലേഖകന്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെമാത്രം വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെക്കുറിച്ച് ഉദ്ധരിച്ചിരിക്കുന്ന കണക്കുകള്‍ സത്യവിരുദ്ധമാണ്. തെറ്റ് അവിടംകൊണ്ടും തീരുന്നില്ല. കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിന്റെ 131 മുതല്‍ 135 വരെയുള്ള പേജുകളില്‍ ലഭ്യമാണ്. ഇതില്‍ 133-ാം പേജിലാണ് കുട്ടികളുടെ കണക്കിലുള്ള നിലവാരത്തെപ്പറ്റി പട്ടിക7-ല്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രസ്തുതപട്ടികയുടെ തലക്കെട്ടുതന്നെ പറയുന്നുണ്ട്, അതില്‍ നല്‍കിയിരിക്കുന്നത് 'എല്ലാ' സ്‌കൂളുകളിലെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ശതമാനക്കണക്കാണെന്ന്. സ്‌കൂള്‍വ്യത്യാസമില്ലാതെ 'അസര്‍' പഠനത്തിന് വിധേയരാക്കിയ കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള കുട്ടികളുടെ കണക്കാണ് അത്. അതുപയോഗിച്ച്, കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനനിലവാരംമാത്രം കുറവാണെന്ന് ലേഖകന്‍ സമര്‍ഥിച്ചിരിക്കുന്നത് അത്യന്തം ഖേദകരമാണ്. മറിച്ച്, കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലുമായി എട്ടാംക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക് 52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ല എന്നതാണ് 'അസര്‍' റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കേണ്ടത്.

അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനെക്കുറിച്ച് ലേഖകന്‍ ഉദ്ധരിച്ച കണക്കുകള്‍ അബദ്ധജടിലമാണ്. 'അസര്‍' റിപ്പോര്‍ട്ടില്‍ അങ്ങനെ ഒരു കണക്ക് കാണാന്‍ കഴിഞ്ഞില്ല. മേല്‍ സൂചിപ്പിച്ചതുപോലെ, റിപ്പോര്‍ട്ടില്‍ ഒരിടത്തും അണ്‍എയ്ഡഡ് മേഖലയിലെമാത്രം കണക്കുകള്‍ നല്‍കിയിട്ടില്ല. മറിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളിലായി എത്രശതമാനം കുട്ടികള്‍ പഠിക്കുന്നു എന്ന കണക്കുകള്‍ മാത്രമാണുള്ളത്. ഇതുപ്രകാരം 2012-ല്‍ 6-14 വയസ്സുള്ള കുട്ടികളില്‍ 40 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും 59.6 ശതമാനം സ്വകാര്യ സ്‌കൂളുകളിലും പഠിക്കുന്നുണ്ട് (പേജ് 131). 2010-ല്‍ 54 ശതമാനം കുട്ടികളാണ് സ്വകാര്യസ്‌കൂളുകളില്‍ പഠിച്ചിരുന്നത്. റിപ്പോര്‍ട്ടില്‍ 'പ്രൈവറ്റ്' എന്നതിനെ ലേഖകന്‍ 'അണ്‍എയ്ഡഡ്' എന്നുമാത്രമായി തെറ്റായി വ്യാഖാനിച്ചാണ് കേരളത്തിലെ 62 ശതമാനം കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് പോയെന്ന് വരുത്തിത്തീര്‍ത്തത്. 2010-11ലെ സര്‍ക്കാര്‍കണക്ക് പ്രകാരം വിദ്യാലയങ്ങളില്‍ 57 ശതമാനവും സ്വകാര്യ-എയ്ഡഡ് മേഖലയിലുള്ള ഒരു സംസ്ഥാനമാണ് കേരളം.

രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും ആധികാരികമായ കണക്കുകള്‍ ലഭ്യമാക്കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം പുറത്തിറക്കുന്ന 'ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍' ( ഡി.ഐ.എസ്.ഇ.) എന്ന റിപ്പോര്‍ട്ടാണ്. 2013 ഏപ്രില്‍ 13-ന് പുറത്തിറക്കിയ 2011-12 വര്‍ഷത്തെ താത്കാലിക റിപ്പോര്‍ട്ട് നോക്കുക. ഇതുപ്രകാരം ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലുമായി പഠിക്കുന്ന കുട്ടികളുടെ എണ്ണം 38,19,863 ആണ്. അതില്‍ത്തന്നെ പ്രൈവറ്റ്, അണ്‍എയ്ഡഡ് മേഖലയിലെ അംഗീകൃത സ്‌കൂളുകളില്‍ പഠിക്കുന്നത് വെറും 18.67 ശതമാനം കുട്ടികളാണ്. അതായത്, ഏതാണ്ട് 7,13,000 കുട്ടികള്‍ മാത്രം. അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 3.93 ശതമാനം (ഏതാണ്ട് 1,50,000) മാത്രമാണ്. അന്തിമറിപ്പോര്‍ട്ട് വരുമ്പോള്‍ കണക്കില്‍ അല്പം വ്യത്യാസം കണ്ടേക്കാമെങ്കിലും വലിയൊരു മാറ്റം പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഡി.ഐ.എസ്.ഇ. റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങളോടൊപ്പം മറ്റിടങ്ങളില്‍നിന്ന് ലഭ്യമായ കണക്കുകള്‍ ചേര്‍ത്ത് കേരളത്തില്‍ 2011-12 വര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു ഏകദേശകണക്ക് ലഭ്യമാണ്. ആകെ 50 ലക്ഷം കുട്ടികള്‍ എല്ലാ സ്‌കൂളുകളിലുമായി പഠിച്ചിരുന്നു എന്ന് കരുതുക. ഇതില്‍ സംസ്ഥാന പാഠ്യപദ്ധതിയില്‍ പഠിച്ചിരുന്നവരുടെ എണ്ണം 42,34,860 ആണ് (ഇക്കണോമിക് റിവ്യൂ 2011). അങ്ങനെയെങ്കില്‍ ബാക്കിവരുന്ന ഏതാണ്ട് എട്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍മാത്രമാണ് 2011-12 അധ്യയനവര്‍ഷത്തില്‍ മറ്റ് സ്‌കൂളുകളില്‍ പഠിച്ചിരുന്നത് എന്ന് മനസ്സിലാകുന്നതാണ്. 2012-13 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍നിന്ന് ഏതാണ്ട് 2,57,000 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത് (ഇക്കണോമിക് റിവ്യൂ 2012). ജനസംഖ്യയിലുണ്ടായ കുറവുമൂലുള്ള എണ്ണംകൂടി കണക്കിലെടുത്ത് ഏകദേശം രണ്ടുലക്ഷം കുട്ടികള്‍ മറ്റ് പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യവിദ്യാലയങ്ങളിലേക്ക് പോയെന്ന് കരുതിയാല്‍ത്തന്നെ, 2012-13 വര്‍ഷം അത്തരം വിദ്യാലയങ്ങളില്‍ ആകെ കാണുക പത്തുലക്ഷം (ഏതാണ്ട് 20 ശതമാനം) വിദ്യാര്‍ഥികളാണ്. അതായത്, അപ്പോഴും 80 ശതമാനം കുട്ടികള്‍ സംസ്ഥാന പാഠ്യപദ്ധതിതന്നെ പഠിക്കുന്നവരാണ്.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്, കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ സ്ഥിതി അത്രയ്ക്ക് പരിതാപകരമല്ല എന്നാണ്.
ലോകബാങ്കിന്റെ സഹായത്തോടെ പാഠ്യ പദ്ധതി പരിഷ്‌കരിച്ചു എന്നതുകൊണ്ടുമാത്രം അതിനെ തള്ളിക്കളയേണ്ട കാര്യമില്ല. ഒരു പാഠ്യപദ്ധതിയെ വിലയിരുത്തേണ്ടത് അതില്‍ പഠിച്ച് പുറത്തുവരുന്ന കുട്ടികളുടെ പഠനനിലവാരം വസ്തുനിഷ്ഠമായി പരിശോധിച്ചിട്ടാകണം. അതിന് ഇന്ന് നിലവിലുള്ള ഒരു പരീക്ഷയും പ്രാപ്തമാണെന്ന് കരുതാന്‍ വയ്യ. ലേഖകന്‍ ചില റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഇത്തരമൊരു വിലയിരുത്തല്‍ നടത്താനുള്ള പാഴ്ശ്രമം നടത്തിയിരിക്കുന്നു. 2006-ലെ എസ്.എസ്.എല്‍.സി. ഫലത്തിന്റെ വെളിച്ചത്തില്‍ എസ്.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ എങ്ങനെയാണ് 2007-ല്‍ പുതിയ പാഠ്യപദ്ധതി രൂപവത്കരിച്ചതിനുശേഷമുള്ള പഠനനിലവാരം അളക്കുക എന്ന് മനസ്സിലാകുന്നില്ല. മറ്റൊന്ന്, കേരളത്തിലെ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ ആദ്യത്തെ 1000 റാങ്കില്‍ ഉള്‍പ്പെട്ട സംസ്ഥാനപാഠ്യപദ്ധതിയില്‍ പഠിച്ച വിദാര്‍ഥികളുടെ എണ്ണം താരതമ്യേന കുറവാണ് എന്നതാണ്. ബാലിശമായ വാദമാണിത്. എന്‍ട്രന്‍സ്​പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന ബഹുഭൂരിഭാഗം കുട്ടികളും അതിനായി പ്രത്യേകം പരീശിലനത്തിന് മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേര്‍ന്ന് പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഏത് പാഠ്യപദ്ധതിയില്‍ പഠിച്ചു എന്നതിനേക്കാള്‍ പ്രവേശന പരീക്ഷയുടെ ശൈലിയില്‍ എത്ര പ്രാവീണ്യമുണ്ട് എന്നതിനാണ് കൂടുതല്‍ പ്രസക്തി. അത്തരമൊരു അളവുകോല്‍കൊണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല.

പാഠ്യപദ്ധതിയെ സമഗ്രമായി വിലയിരുത്താതെ, അതില്‍നിന്ന് ചില കാര്യങ്ങള്‍മാത്രം എടുത്തുകാട്ടി, പാഠ്യപദ്ധതി മുഴുവനായും തള്ളിക്കളയേണ്ടതാണെന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. ഒരു ഉദാഹരണം നോക്കാം. (ലേഖകന്റെ വാദങ്ങള്‍ ചരിച്ച് (ഇറ്റാലിക്‌സ്) കൊടുത്തിരിക്കുന്നു)

വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷയാണ് ക്ലാസ് റൂമിലും ഉപയോഗിക്കേണ്ടത്. ചട്ടക്കൂട് പറയുന്നത് പക്ഷേ ഇങ്ങനെയാണ്: 'മാനകഭാഷയ്ക്കുള്ള അമിതപ്രാധാന്യം മാതൃഭാഷാപഠനത്തിന്റെ ഒരു മുഖ്യദോഷമാണ്. കുട്ടിയുടെ ഗൃഹഭാഷയ്ക്കും പ്രാദേശികഭാഷയ്ക്കും നമ്മുടെ ക്ലാസ്മുറികളില്‍ അംഗീകാരം ലഭിക്കണം.' ഇതെങ്ങനെയാണ് മാനകഭാഷയുടെ ഉപയോഗത്തിന് എതിരാകുന്നത്? മാനകഭാഷയ്ക്കും ഗൃഹഭാഷയ്ക്കും അതിന്റേതായ പ്രാധാന്യം നല്‍കണം എന്നേ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടതുള്ളൂ. ഭാഷാപ്രയോഗത്തിലെ തെറ്റുകള്‍, എട്ട് പ്രശ്‌നമേഖലകള്‍, എഴുത്തുപരീക്ഷയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ഇത്തരത്തിലുള്ള സമീപനമാണ് ലേഖകന്‍ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അനുദിനം കേരളത്തിലെ പൊതുസമൂഹം തിരസ്‌കരിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിന്റെ കാഠിന്യം ലേഖനപരമ്പരയില്‍ വരച്ചുകാട്ടിയതുപോലെ നിലവില്‍ അത്ര ഭീതിജനകമല്ല. 2001-ലും 2006-ലുമൊക്കെ നടത്തിയ പഠനങ്ങളില്‍ നിന്ന് അതിന്റെ വ്യാപ്തി അളക്കാന്‍ ഒരു കാരണവശാലും സാധ്യവുമല്ല.

ഗുണനിലവാരമില്ലെങ്കിലും സ്വകാര്യ-ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതില്‍ അന്ധമായി അഭിമാനം കൊള്ളുന്ന ഒരു മധ്യവര്‍ഗം, കേവലം പാഠ്യപദ്ധതി മാറ്റിയതുകൊണ്ട് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചയയ്ക്കും എന്നുകരുതുന്നത് മൗഢ്യമാണ്. ഇത് ഉള്‍പ്പെടെ ഒരുപാട് അന്തര്‍ലീന ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനഫലമാണ് ഇന്നത്തെ ഈ അപചയം. ശാസ്ത്രീയമായ പഠനങ്ങളിലൂടെ അത് തിരിച്ചറിഞ്ഞ് പ്രതിവിധികാണാന്‍ ശ്രമിക്കാതെ, ഗുണവശങ്ങള്‍ ഏറെയുള്ള ഒരു പാഠ്യപദ്ധതിയെ ബലിയാടാക്കുന്നത് തലവേദനയ്ക്ക് തലതന്നെ വെട്ടിക്കളയുന്നതിന് തുല്യമാകും.

(ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകവിദ്യാര്‍ഥിയാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

1 comment:

  1. സര്ക്കാര് വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള് കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. വെറും 7 % മാത്രം വരുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നാടിനു ആപത്താണ് .സർക്കാർ അടിയന്തിരമായി ഇവ നിരോധിച്ചു മലയാള മീഡിയം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടാതാണ്
    malayalatthanima.blogsopt.in

    ReplyDelete