Thursday, June 6, 2013

പാഠ്യപദ്ധതി പ്രതിസ്ഥാനത്തല്ല


സേതുനാഥ് ആര്‍


'പൊതുവിദ്യാഭ്യാസം പിന്‍ബഞ്ചിലേക്ക്' എന്ന ലേഖന പരമ്പരയിലെ നിഗമനങ്ങളോടുള്ള ഒരു വിയോജനം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം നിലവിലുള്ള പാഠ്യപദ്ധതിയും ബോധന രീതിയുമാണെന്ന് വരുത്തിതീര്‍ക്കുന്നത് പ്രശ്‌നത്തെ ലഘൂകരിച്ച് കാണലാണ്.


അനുദിനം വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ പു നരുജ്ജീവനം എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച 'പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക്' എന്ന ലേഖനപരമ്പര (മെയ് 28-ജൂണ്‍ 1) മുന്നോട്ടുവെക്കുന്ന പൊതുവികാരത്തോട് യോജിക്കുന്നു. എന്നാല്‍, കേരളത്തിലെ പൊതുവിദ്യാഭ്യാസം, പ്രത്യേകിച്ചും സംസ്ഥാന പാഠ്യപദ്ധതി പിന്‍തുടരുന്ന വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം അപ്പാടെ തകര്‍ന്നു എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ ആശയപരമായും വസ്തുതാപരമായും ലേഖകന്‍ വരുത്തിയിട്ടുള്ള പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തെക്കുറിച്ചോ അത് നല്‍കേണ്ട മാര്‍ഗത്തെക്കുറിച്ചോ ആഗോളതലത്തില്‍ത്തന്നെ യാതൊരുവിധ അഭിപ്രായസമന്വയവും നിലവിലില്ല. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ ലേഖനപരമ്പരയില്‍ പരാമര്‍ശ വിധേയമായത് ഇതിനൊരു പരോക്ഷസാക്ഷ്യമാണ്. എന്നാല്‍, ഈ സത്യം അംഗീകരിക്കാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം നിലവിലുള്ള പാഠ്യപദ്ധതിയും ബോധനരീതിയുമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് ലേഖനപരമ്പരയില്‍ ഉടനീളം ദൃശ്യമാകുന്നത്.

നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പാഠ്യപദ്ധതി പരിഷ്‌കരണവും നിരന്തര പരീക്ഷാസമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കുമാണെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേ കാണാനാകൂ. കേരളീയര്‍ സ്വകാര്യ-ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നത്, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി കാലഹരണപ്പെട്ടതായതുകൊണ്ടും സ്വകാര്യ വിദ്യാലയങ്ങളിലെ പഠനനിലവാരം സര്‍ക്കാര്‍ വിദ്യാലയങ്ങളിലേതിനേക്കാള്‍ മികച്ചതായതുകൊണ്ടുമാണെന്ന് സമകാലികമായ യാതൊരുവിധ ശാസ്ത്രീയപഠനങ്ങളുടെയും പിന്‍ബലമില്ലാതെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതിയും സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുമെല്ലാംതന്നെ 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരിക്കെ, സംസ്ഥാനത്തെ പാഠ്യപദ്ധതിയുടെ കുഴപ്പംകൊണ്ടാണ് കുട്ടികള്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലേക്ക് ഒഴുകുന്നത് എന്നത് എങ്ങനെ അംഗീകരിക്കാനാകും? 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഡോ. യശ്പാലിന്റെ നേതൃത്വത്തില്‍ 35 വിദഗ്ധര്‍ അടങ്ങുന്ന ഒരു സമിതിയാണ്. അതുകൊണ്ടുതന്നെ, ശക്തമായ തെളിവുകളില്ലാതെ പാഠ്യപദ്ധതിക്കെതിരെ വാളോങ്ങുന്നതിനുമുമ്പ് സമഗ്രമായ വിശകലനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പരമ്പരയുടെ ആദ്യ അധ്യായത്തില്‍ ലേഖകന്‍ 'പ്രഥം' എന്ന സംഘടനയുടെ 2012-ലെ 'അസര്‍' റിപ്പോര്‍ട്ടില്‍നിന്ന് ഉദ്ധരിച്ച കണക്കുകള്‍ പലതും വസ്തുനിഷ്ഠമല്ല. 'അസര്‍' റിപ്പോര്‍ട്ട് വിദ്യാലയാധിഷ്ഠിതമായുള്ള ഒരു പഠനമല്ല. മറിച്ച് ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ 'പ്രഥം' പ്രത്യേകമായി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ അവരുടെ വീടുകളില്‍ച്ചെന്ന് നിലവാരം അളക്കുകയാണ് പതിവ്. വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ കുട്ടി ഏതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന് രേഖപ്പെടുത്തുമെങ്കിലും അവലോകനങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ (ഗവണ്മെന്റ്), സ്വകാര്യമേഖല (പ്രൈവറ്റ്) എന്നീ രണ്ടുവിഭാഗമായിമാത്രം വേര്‍തിരിച്ചാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. സ്വകാര്യമേഖല എന്നതില്‍ എയ്ഡഡ് മേഖലയിലെയും അണ്‍ എയ്ഡഡ് മേഖലയിലെയും വിദ്യാലയങ്ങള്‍ ഉള്‍പ്പെടും. അവയുടെ വേര്‍തിരിച്ച കണക്കുകള്‍ റിപ്പോര്‍ട്ടില്‍നിന്ന് ലഭ്യമല്ല. ലേഖകന്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെമാത്രം വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെക്കുറിച്ച് ഉദ്ധരിച്ചിരിക്കുന്ന കണക്കുകള്‍ സത്യവിരുദ്ധമാണ്. തെറ്റ് അവിടംകൊണ്ടും തീരുന്നില്ല. കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിന്റെ 131 മുതല്‍ 135 വരെയുള്ള പേജുകളില്‍ ലഭ്യമാണ്. ഇതില്‍ 133-ാം പേജിലാണ് കുട്ടികളുടെ കണക്കിലുള്ള നിലവാരത്തെപ്പറ്റി പട്ടിക7-ല്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രസ്തുതപട്ടികയുടെ തലക്കെട്ടുതന്നെ പറയുന്നുണ്ട്, അതില്‍ നല്‍കിയിരിക്കുന്നത് 'എല്ലാ' സ്‌കൂളുകളിലെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ശതമാനക്കണക്കാണെന്ന്. സ്‌കൂള്‍വ്യത്യാസമില്ലാതെ 'അസര്‍' പഠനത്തിന് വിധേയരാക്കിയ കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള കുട്ടികളുടെ കണക്കാണ് അത്. അതുപയോഗിച്ച്, കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനനിലവാരംമാത്രം കുറവാണെന്ന് ലേഖകന്‍ സമര്‍ഥിച്ചിരിക്കുന്നത് അത്യന്തം ഖേദകരമാണ്. മറിച്ച്, കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലുമായി എട്ടാംക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക് 52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ല എന്നതാണ് 'അസര്‍' റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കേണ്ടത്.

അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനെക്കുറിച്ച് ലേഖകന്‍ ഉദ്ധരിച്ച കണക്കുകള്‍ അബദ്ധജടിലമാണ്. 'അസര്‍' റിപ്പോര്‍ട്ടില്‍ അങ്ങനെ ഒരു കണക്ക് കാണാന്‍ കഴിഞ്ഞില്ല. മേല്‍ സൂചിപ്പിച്ചതുപോലെ, റിപ്പോര്‍ട്ടില്‍ ഒരിടത്തും അണ്‍എയ്ഡഡ് മേഖലയിലെമാത്രം കണക്കുകള്‍ നല്‍കിയിട്ടില്ല. മറിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളിലായി എത്രശതമാനം കുട്ടികള്‍ പഠിക്കുന്നു എന്ന കണക്കുകള്‍ മാത്രമാണുള്ളത്. ഇതുപ്രകാരം 2012-ല്‍ 6-14 വയസ്സുള്ള കുട്ടികളില്‍ 40 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും 59.6 ശതമാനം സ്വകാര്യ സ്‌കൂളുകളിലും പഠിക്കുന്നുണ്ട് (പേജ് 131). 2010-ല്‍ 54 ശതമാനം കുട്ടികളാണ് സ്വകാര്യസ്‌കൂളുകളില്‍ പഠിച്ചിരുന്നത്. റിപ്പോര്‍ട്ടില്‍ 'പ്രൈവറ്റ്' എന്നതിനെ ലേഖകന്‍ 'അണ്‍എയ്ഡഡ്' എന്നുമാത്രമായി തെറ്റായി വ്യാഖാനിച്ചാണ് കേരളത്തിലെ 62 ശതമാനം കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് പോയെന്ന് വരുത്തിത്തീര്‍ത്തത്. 2010-11ലെ സര്‍ക്കാര്‍കണക്ക് പ്രകാരം വിദ്യാലയങ്ങളില്‍ 57 ശതമാനവും സ്വകാര്യ-എയ്ഡഡ് മേഖലയിലുള്ള ഒരു സംസ്ഥാനമാണ് കേരളം.

രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും ആധികാരികമായ കണക്കുകള്‍ ലഭ്യമാക്കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം പുറത്തിറക്കുന്ന 'ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍' ( ഡി.ഐ.എസ്.ഇ.) എന്ന റിപ്പോര്‍ട്ടാണ്. 2013 ഏപ്രില്‍ 13-ന് പുറത്തിറക്കിയ 2011-12 വര്‍ഷത്തെ താത്കാലിക റിപ്പോര്‍ട്ട് നോക്കുക. ഇതുപ്രകാരം ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലുമായി പഠിക്കുന്ന കുട്ടികളുടെ എണ്ണം 38,19,863 ആണ്. അതില്‍ത്തന്നെ പ്രൈവറ്റ്, അണ്‍എയ്ഡഡ് മേഖലയിലെ അംഗീകൃത സ്‌കൂളുകളില്‍ പഠിക്കുന്നത് വെറും 18.67 ശതമാനം കുട്ടികളാണ്. അതായത്, ഏതാണ്ട് 7,13,000 കുട്ടികള്‍ മാത്രം. അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 3.93 ശതമാനം (ഏതാണ്ട് 1,50,000) മാത്രമാണ്. അന്തിമറിപ്പോര്‍ട്ട് വരുമ്പോള്‍ കണക്കില്‍ അല്പം വ്യത്യാസം കണ്ടേക്കാമെങ്കിലും വലിയൊരു മാറ്റം പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഡി.ഐ.എസ്.ഇ. റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങളോടൊപ്പം മറ്റിടങ്ങളില്‍നിന്ന് ലഭ്യമായ കണക്കുകള്‍ ചേര്‍ത്ത് കേരളത്തില്‍ 2011-12 വര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു ഏകദേശകണക്ക് ലഭ്യമാണ്. ആകെ 50 ലക്ഷം കുട്ടികള്‍ എല്ലാ സ്‌കൂളുകളിലുമായി പഠിച്ചിരുന്നു എന്ന് കരുതുക. ഇതില്‍ സംസ്ഥാന പാഠ്യപദ്ധതിയില്‍ പഠിച്ചിരുന്നവരുടെ എണ്ണം 42,34,860 ആണ് (ഇക്കണോമിക് റിവ്യൂ 2011). അങ്ങനെയെങ്കില്‍ ബാക്കിവരുന്ന ഏതാണ്ട് എട്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍മാത്രമാണ് 2011-12 അധ്യയനവര്‍ഷത്തില്‍ മറ്റ് സ്‌കൂളുകളില്‍ പഠിച്ചിരുന്നത് എന്ന് മനസ്സിലാകുന്നതാണ്. 2012-13 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍നിന്ന് ഏതാണ്ട് 2,57,000 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത് (ഇക്കണോമിക് റിവ്യൂ 2012). ജനസംഖ്യയിലുണ്ടായ കുറവുമൂലുള്ള എണ്ണംകൂടി കണക്കിലെടുത്ത് ഏകദേശം രണ്ടുലക്ഷം കുട്ടികള്‍ മറ്റ് പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യവിദ്യാലയങ്ങളിലേക്ക് പോയെന്ന് കരുതിയാല്‍ത്തന്നെ, 2012-13 വര്‍ഷം അത്തരം വിദ്യാലയങ്ങളില്‍ ആകെ കാണുക പത്തുലക്ഷം (ഏതാണ്ട് 20 ശതമാനം) വിദ്യാര്‍ഥികളാണ്. അതായത്, അപ്പോഴും 80 ശതമാനം കുട്ടികള്‍ സംസ്ഥാന പാഠ്യപദ്ധതിതന്നെ പഠിക്കുന്നവരാണ്.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്, കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ സ്ഥിതി അത്രയ്ക്ക് പരിതാപകരമല്ല എന്നാണ്.
ലോകബാങ്കിന്റെ സഹായത്തോടെ പാഠ്യ പദ്ധതി പരിഷ്‌കരിച്ചു എന്നതുകൊണ്ടുമാത്രം അതിനെ തള്ളിക്കളയേണ്ട കാര്യമില്ല. ഒരു പാഠ്യപദ്ധതിയെ വിലയിരുത്തേണ്ടത് അതില്‍ പഠിച്ച് പുറത്തുവരുന്ന കുട്ടികളുടെ പഠനനിലവാരം വസ്തുനിഷ്ഠമായി പരിശോധിച്ചിട്ടാകണം. അതിന് ഇന്ന് നിലവിലുള്ള ഒരു പരീക്ഷയും പ്രാപ്തമാണെന്ന് കരുതാന്‍ വയ്യ. ലേഖകന്‍ ചില റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഇത്തരമൊരു വിലയിരുത്തല്‍ നടത്താനുള്ള പാഴ്ശ്രമം നടത്തിയിരിക്കുന്നു. 2006-ലെ എസ്.എസ്.എല്‍.സി. ഫലത്തിന്റെ വെളിച്ചത്തില്‍ എസ്.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ എങ്ങനെയാണ് 2007-ല്‍ പുതിയ പാഠ്യപദ്ധതി രൂപവത്കരിച്ചതിനുശേഷമുള്ള പഠനനിലവാരം അളക്കുക എന്ന് മനസ്സിലാകുന്നില്ല. മറ്റൊന്ന്, കേരളത്തിലെ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ ആദ്യത്തെ 1000 റാങ്കില്‍ ഉള്‍പ്പെട്ട സംസ്ഥാനപാഠ്യപദ്ധതിയില്‍ പഠിച്ച വിദാര്‍ഥികളുടെ എണ്ണം താരതമ്യേന കുറവാണ് എന്നതാണ്. ബാലിശമായ വാദമാണിത്. എന്‍ട്രന്‍സ്​പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന ബഹുഭൂരിഭാഗം കുട്ടികളും അതിനായി പ്രത്യേകം പരീശിലനത്തിന് മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേര്‍ന്ന് പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഏത് പാഠ്യപദ്ധതിയില്‍ പഠിച്ചു എന്നതിനേക്കാള്‍ പ്രവേശന പരീക്ഷയുടെ ശൈലിയില്‍ എത്ര പ്രാവീണ്യമുണ്ട് എന്നതിനാണ് കൂടുതല്‍ പ്രസക്തി. അത്തരമൊരു അളവുകോല്‍കൊണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല.

പാഠ്യപദ്ധതിയെ സമഗ്രമായി വിലയിരുത്താതെ, അതില്‍നിന്ന് ചില കാര്യങ്ങള്‍മാത്രം എടുത്തുകാട്ടി, പാഠ്യപദ്ധതി മുഴുവനായും തള്ളിക്കളയേണ്ടതാണെന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. ഒരു ഉദാഹരണം നോക്കാം. (ലേഖകന്റെ വാദങ്ങള്‍ ചരിച്ച് (ഇറ്റാലിക്‌സ്) കൊടുത്തിരിക്കുന്നു)

വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷയാണ് ക്ലാസ് റൂമിലും ഉപയോഗിക്കേണ്ടത്. ചട്ടക്കൂട് പറയുന്നത് പക്ഷേ ഇങ്ങനെയാണ്: 'മാനകഭാഷയ്ക്കുള്ള അമിതപ്രാധാന്യം മാതൃഭാഷാപഠനത്തിന്റെ ഒരു മുഖ്യദോഷമാണ്. കുട്ടിയുടെ ഗൃഹഭാഷയ്ക്കും പ്രാദേശികഭാഷയ്ക്കും നമ്മുടെ ക്ലാസ്മുറികളില്‍ അംഗീകാരം ലഭിക്കണം.' ഇതെങ്ങനെയാണ് മാനകഭാഷയുടെ ഉപയോഗത്തിന് എതിരാകുന്നത്? മാനകഭാഷയ്ക്കും ഗൃഹഭാഷയ്ക്കും അതിന്റേതായ പ്രാധാന്യം നല്‍കണം എന്നേ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടതുള്ളൂ. ഭാഷാപ്രയോഗത്തിലെ തെറ്റുകള്‍, എട്ട് പ്രശ്‌നമേഖലകള്‍, എഴുത്തുപരീക്ഷയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ഇത്തരത്തിലുള്ള സമീപനമാണ് ലേഖകന്‍ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അനുദിനം കേരളത്തിലെ പൊതുസമൂഹം തിരസ്‌കരിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിന്റെ കാഠിന്യം ലേഖനപരമ്പരയില്‍ വരച്ചുകാട്ടിയതുപോലെ നിലവില്‍ അത്ര ഭീതിജനകമല്ല. 2001-ലും 2006-ലുമൊക്കെ നടത്തിയ പഠനങ്ങളില്‍ നിന്ന് അതിന്റെ വ്യാപ്തി അളക്കാന്‍ ഒരു കാരണവശാലും സാധ്യവുമല്ല.

ഗുണനിലവാരമില്ലെങ്കിലും സ്വകാര്യ-ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതില്‍ അന്ധമായി അഭിമാനം കൊള്ളുന്ന ഒരു മധ്യവര്‍ഗം, കേവലം പാഠ്യപദ്ധതി മാറ്റിയതുകൊണ്ട് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചയയ്ക്കും എന്നുകരുതുന്നത് മൗഢ്യമാണ്. ഇത് ഉള്‍പ്പെടെ ഒരുപാട് അന്തര്‍ലീന ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനഫലമാണ് ഇന്നത്തെ ഈ അപചയം. ശാസ്ത്രീയമായ പഠനങ്ങളിലൂടെ അത് തിരിച്ചറിഞ്ഞ് പ്രതിവിധികാണാന്‍ ശ്രമിക്കാതെ, ഗുണവശങ്ങള്‍ ഏറെയുള്ള ഒരു പാഠ്യപദ്ധതിയെ ബലിയാടാക്കുന്നത് തലവേദനയ്ക്ക് തലതന്നെ വെട്ടിക്കളയുന്നതിന് തുല്യമാകും.

(ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകവിദ്യാര്‍ഥിയാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Monday, June 3, 2013

വിവാഹധൂര്‍ത്ത്‌ : 339 കോടി രൂപയുടെ ഭക്ഷണം പാഴായിപ്പോകുന്നു

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ഇന്ന്‍, ഒക്ടോബര്‍ പന്ത്രണ്ടാം തീയതി, കണ്ട ഒരു റിപ്പോര്‍ട്ടിന് സമകാലീന സാമൂഹ്യവ്യവസ്ഥിതിയില്‍ വലുതായ പ്രസക്തി കാണുന്നതു കൊണ്ട് അതിന്‍റെ സ്വതന്ത്രപരിഭാഷ താഴെ കൊടുക്കുന്നു.
ആഘോഷപൂര്‍വ്വമായ വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ്, അതിഥികളെല്ലാം മടങ്ങിപ്പോയശേഷം അവശേഷിയ്ക്കുന്നത് ചപ്പുചവറുകളും, വൃത്തികെട്ട കുറേ ഡിഷുകളും, ഇവയ്ക്കൊക്കെപ്പുറമേ, അധികം വന്ന, വിലയേറിയ, ഊര്‍ജ്ജസമ്പന്നമായ ആഹാരപദാര്‍ത്ഥങ്ങളുടെ കൂമ്പാരങ്ങളുമാണ്. ലക്ഷക്കണക്കിനു കുട്ടികളുടെ വിശപ്പടക്കാന്‍ മതിയായവയാണ് പാഴായിപ്പോകുന്ന ഈ ആഹാരക്കൂമ്പാരങ്ങള്‍ . അതും ‘പട്ടിണി നമ്മുടെ രാഷ്ട്രത്തിനു തന്നെ അപമാനമാണ്’ എന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു കഴിഞ്ഞ ഈ രാജ്യത്ത്. ലോകത്തെ പട്ടിണിയനുഭവിയ്ക്കുന്ന കുട്ടികളില്‍ മൂന്നിലൊന്ന് ഭാരതത്തിലാണ് എന്ന ദയനീയമായ കണക്കുകളും നാമോര്‍ക്കേണ്ടതുണ്ട്.
ഉന്നതനിലവാരമുള്ള 943 ടണ്ണോളം ആഹാരം ബെങ്കളൂരു മാത്രം നടക്കുന്ന വിവാഹങ്ങളില്‍ ഓരോ വര്‍ഷവും പാഴായിപ്പോകുന്നുണ്ടെന്ന്‍ ഇയ്യിടെ നടന്ന ഒരു സര്‍വ്വേയില്‍ വെളിപ്പെട്ടിരിയ്ക്കുന്നു. 260 ലക്ഷം പേര്‍ക്ക് ഒരു നേരത്തെ സുഭിക്ഷമായ ഭക്ഷണത്തിനു മതിയാകുന്നതാണിത്. ബെങ്കളൂരിലെ കാര്‍ഷികശാസ്ത്ര സര്‍വ്വകലാശാലയിലെ (യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്) പത്തു പ്രൊഫസ്സര്‍മാരടങ്ങുന്ന സംഘം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ നാരായണ ഗൌഡയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ബെങ്കളൂരിലെ 531 കല്യാണമണ്ഡപങ്ങളിലെ 75 എണ്ണത്തില്‍ ആറു മാസത്തോളം പഠനം നടന്നു.
“ബെങ്കളൂരിലെ 531 കല്യാണമണ്ഡപങ്ങളില്‍ 84,960 വിവാഹങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്. ഏകദേശം 943 ടണ്ണോളം ഉന്നതനിലവാരമുള്ള, ഊര്‍ജ്ജസമ്പന്നമായ ആഹാരമാണ് ഓരോ വര്‍ഷവും ഈ ഹാളുകളില്‍ പാഴായിപ്പോകുന്നത്. ഒരാഹാരത്തിന് ശരാശരി 40 രൂപ നിരക്കില്‍ കണക്കാക്കുമ്പോള്‍ പാഴായിപ്പോകുന്ന ഈ ഭക്ഷണത്തിന്‍റെ മൂല്യം 339 കോടി രൂപയോളം വരുന്നു” എന്ന്‍ പഠനറിപ്പോര്‍ട്ടു പറയുന്നു.
രാവിലത്തെ പ്രാതലിനും വിവാഹസമയത്തെ ഉച്ചഭക്ഷണത്തിനും സ്വീകരണസമയത്തെ അത്താഴത്തിനുമുള്‍പ്പെടെ ശരാശരി 1000 പേരോളം ഓരോ വിവാഹത്തിലും പങ്കെടുക്കുന്നു.
“ഒരു വിവാഹസദ്യയില്‍ പത്തു മുതല്‍ ഇരുപതു വരെ വിഭവങ്ങള്‍ വിളമ്പുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു സദ്യയില്‍ 100 ഗ്രാം സൂപ്പ്, 100 ഗ്രാം ജൂസ്, 50 ഗ്രാം പൂരി, 50 ഗ്രാം പുലാവ്, എന്നിവ ഉണ്ടാകാറുണ്ട്,” സര്‍വ്വേ പറയുന്നു. ചോറും ധാന്യങ്ങളും ആണ് ഏറ്റവുമധികമെന്നും പാഴായിപ്പോകുന്നതില്‍ 35 ശതമാനവും അവയാണെന്നും സര്‍വ്വേയില്‍ കണ്ടിരിയ്ക്കുന്നു.
“ഒരു ശരാശരി വിവാഹസദ്യ വളരെ ഊര്‍ജ്ജസമ്പന്നമാണ്. ഓരോ ആഹാരത്തിലും 1239 കലോറി വരെ ഊര്‍ജ്ജമുണ്ടാകാം. ഇത് ഒരു കുട്ടിയുടെ ഒരു മുഴുവന്‍ ദിവസത്തേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായതാണ്! ഇതിന്‍റെ 20 ശതമാനം, അതായത് 246 കലോറി, പാഴായിപ്പോകുന്നു,” ഗൌഡ പറഞ്ഞു.
“ഭാരതീയവിവാഹങ്ങളില്‍ ഒരു പതിവു സംഭവമായിത്തീര്‍ന്നിരിയ്ക്കുന്ന ഭക്ഷണത്തിന്‍റെ അക്ഷന്തവ്യമായ പാഴായിപ്പോകല്‍ വെളിച്ചത്തുകൊണ്ടുവരികയായിരുന്നു, ഈ സര്‍വ്വേയുടെ ഉദ്ദേശം. ഇക്കാര്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ പാഴായിപ്പോകല്‍ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബഫെകളിലാണ് വിളമ്പിക്കൊടുക്കുന്ന സദ്യകളിലേതിനേക്കാള്‍ കൂടുതല്‍ പാഴായിപ്പോക്ക് എന്നും ഞങ്ങള്‍ കണ്ടെത്തി,” സര്‍വ്വകലാശാലയിലെ കാര്‍ഷികവിപണനവകുപ്പിലെ പ്രൊഫസ്സര്‍ പി കെ മന്തണ്ണ പ്രസ്താവിച്ചു.
ഈ വിഷയത്തെപ്പറ്റിയുള്ള ഹ്രസ്വമായൊരു മസ്തിഷ്കപ്രക്ഷാളനം ലാക്കാക്കി ഒരു സെമിനാര്‍ ജികെവികെ കാമ്പസ്സില്‍ ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് അതില്‍ സംബന്ധിയ്ക്കാവുന്നതാണ്.
‘അതിഥികളെ ബോധവല്‍ക്കരിയ്ക്കണം’
“വിവാഹങ്ങളിലെ ഭക്ഷണത്തിന്‍റെ പാഴായിപ്പോക്ക് അസ്വാസ്ഥ്യജനകമാണ്. ഈയൊരു പ്രശ്നത്തിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിയ്ക്കുകയും ഭക്ഷണം പാഴായിപ്പോകുന്നതിന്നെതിരെ ജനങ്ങളെ ബോധവത്കരിയ്ക്കുകയും ചെയ്യേണ്ടിയിരിയ്ക്കുന്നു. ആഹാരപദാര്‍ത്ഥങ്ങള്‍ പാഴാക്കിക്കളയരുതെന്നും കഴിയ്ക്കാന്‍ പറ്റുന്നത്ര മാത്രമേ എടുക്കാവൂ എന്നും അതിഥികളെ ഉദ്ബോധിപ്പിയ്ക്കുന്ന പ്ലക്കാര്‍ഡുകള്‍ ആതിഥേയര്‍ അവിടവിടെ പ്രദര്‍ശിപ്പിയ്ക്കണം. പ്രത്യേകപരിശീലനം സിദ്ധിച്ചവരാണ് ഇയ്യിടെയായി ഭക്ഷണം വിളമ്പുന്നത്. ഇത് ഫലപ്രദമാണെന്നു കണ്ടിരിയ്ക്കുന്നു,” കോര്‍ഡ് റോഡിന്‍റെ പടിഞ്ഞാറുള്ള ഗൌരീശങ്കര്‍ മഹലിന്‍റെ ഉടമ, ടി വാസന്‍ പറയുന്നു.
വിവാഹസദ്യകളിലെ ആശ്ചര്യങ്ങള്‍
  • ഒരു ശരാശരി വിവാഹത്തില്‍ 1000 പേര്‍ സംബന്ധിയ്ക്കുന്നു.
  • രണ്ടു നേരം ഭക്ഷണവും പ്രാതലും വിളമ്പുന്നു
  • ഓരോ ഭക്ഷണവും 1239 കലോറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നു
  • ആഹാരത്തിന് ശരാശരി 40 രൂപ ചെലവു വരുന്നു
  • 943 ടണ്‍ ഊര്‍ജ്ജസമ്പന്നമായ, ഉന്നത നിലവാരമുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പാഴായിപ്പോകുന്നു
  • പാഴായിപ്പോകുന്ന ഭക്ഷണത്തിന്‍റെ മൂല്യം 339 കോടി രൂപ
  • ബഫെ രീതിയില്‍ 22 ശതമാനവും വിളമ്പിക്കൊടുക്കുന്ന രീതിയില്‍ 20 ശതമാനവും ആഹാരം പാഴായിപ്പോകുന്നു
ടൈംസിന്‍റെ അഭിപ്രായങ്ങള്‍
അടുത്ത തവണ നിങ്ങളൊരു വിവാഹസദ്യ ആസ്വദിയ്ക്കുമ്പോള്‍ രണ്ടു നേരത്തെ ഭക്ഷണം പോലും കഴിയ്ക്കാനാകാത്ത ദശലക്ഷക്കണക്കിനു പാവങ്ങളെപ്പറ്റി – പ്രത്യേകിച്ചും കുട്ടികളെപ്പറ്റി – ഒന്നു ചിന്തിയ്ക്കുക. അതിഥികള്‍ക്കായി സ്വാദിഷ്ടമായ ഭക്ഷണം കുന്നുകൂട്ടി വച്ചിട്ടുള്ള ഭാരതീയ വിവാഹങ്ങളില്‍ എല്ലായ്പ്പോഴും ആഹാരം അധികം തന്നെയാണ്. അധികം വരുന്ന ഈ ആഹാരം ശ്രദ്ധ വച്ചാല്‍ പാവങ്ങള്‍ക്കെത്തിയ്ക്കാനുള്ള ഏര്‍പ്പാടു ചെയ്യാവുന്നതേയുള്ളു. ചില എന്‍ജിഓകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നുമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയുമേറെ വ്യാപിപ്പിയ്ക്കേണ്ടതുണ്ടെന്നു തീര്‍ച്ചയാണ്. ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം നാമുത്പാദിപ്പിയ്ക്കുന്നുണ്ട്. പക്ഷേ, അതിന്‍റെ വലിയൊരു ഭാഗം ദരിദ്രരിലേയ്ക്കെത്തുന്നതിനു പകരം സമ്പന്നരിലേയ്ക്കാണെത്തുന്നത്. ഒരു സമതുലിതാവസ്ഥ കൈവരുത്താന്‍ വേണ്ട മാറ്റങ്ങള്‍ ഇന്നാട്ടിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വരുത്തുകയാണ് ഏറ്റവും അഭികാമ്യമായത്.
എന്‍റെ സ്വന്തം ചില ചിന്തകള്‍
ടൈംസ് ഓഫ് ഇന്ത്യയില്‍ കണ്ട റിപ്പോര്‍ട്ടിന്‍റെ പരിഭാഷ കഴിഞ്ഞു ഇനി എന്‍റെ സ്വന്തം ചില ചിന്തകള്‍ പറഞ്ഞോട്ടെ. പണ്ട്, വീട്ടുഭരണം അമ്മ കയ്യാളിയിരുന്ന കാലത്ത്, ചോറു ബാക്കി വച്ചാല്‍ അമ്മ കണ്ണുരുട്ടുമായിരുന്നു. “എന്നാപ്പിന്നെ അതാദ്യം തന്നെ എടുപ്പിയ്ക്കായിരുന്നില്ലേ” എന്നു ചോദിച്ചു കൊണ്ട് വേണ്ടിവന്നാല്‍ തോളത്തൊരു ‘ഇന്‍ജക്ഷന്‍ ‘ തരാന്‍ ഊണുമേശയ്ക്കരികിലും അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഒരു നേരത്തെ ഊണിനു വേണ്ടി കഷ്ടപ്പെടുമ്പോഴേ പഠിയ്ക്കൂ എന്നും അമ്മ പറയാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അമ്മ മാത്രമല്ല, ഊണു ബാക്കി വച്ചു കൊണ്ട് എഴുന്നേറ്റു പോകുന്ന മക്കളെ നോക്കി, “നിന്നെയൊക്കെ എത്യോപ്യയില്‍ കൊണ്ടുപോയി വിടുകയാണു വേണ്ടത്” എന്ന്‍ എന്‍റെയൊരകന്ന ചേച്ചി ശാസിച്ചിരുന്നതും ഞാനോര്‍ക്കുന്നു. ആഹാരം പാഴായിപ്പോകുന്നതില്‍ ആത്മാര്‍ത്ഥമായും വേദനിയ്ക്കുന്ന കൂട്ടരാണ് അമ്മമാര്‍ . വിവാഹസദ്യകള്‍ അമ്മമാരുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നെങ്കില്‍ ഇത്തരം പാഴായിപ്പോക്ക് ഒഴിവായേനെ. പക്ഷേ ഇന്നത്തെ വിവാഹസദ്യകള്‍ അമ്മമാരുടെ കൈപ്പിടിയില്‍ നിന്ന്‍ പുറത്തു പോയിക്കഴിഞ്ഞിരിയ്ക്കുന്നു.
വിവാഹസദ്യകളില്‍ രണ്ടു കാര്യങ്ങളാണ് മുഖ്യമായും ഉള്ളത്. ഒന്ന്‍ അവയില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ വലിപ്പം. രണ്ട്, അവയില്‍ പാഴായിപ്പോകുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ അളവും മൂല്യവും. ആള്‍ക്കൂട്ടത്തിന്‍റെ വലിപ്പമാണ് ധാരാളിത്തമായും ധൂര്‍ത്തായും മറ്റും പൊതുവേ വിമര്‍ശിയ്ക്കപ്പെട്ടു കാണാറ്. പാഴായിപ്പോകുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ അളവും മൂല്യവും കണ്ടെത്തുക ആള്‍ക്കൂട്ടത്തിന്‍റെ തലയെണ്ണലിനേക്കാള്‍ അതീവ ദുഷ്കരമായതിനാലാവാം ആ സാഹസത്തിന് ആരും മുതിര്‍ന്നു കാണാറില്ല. ടൈംസില്‍ വന്നിരിയ്ക്കുന്ന ഈ റിപ്പോര്‍ട്ട് ഈ വിഷയത്തെപ്പറ്റി ഈയടുത്ത കാലങ്ങളില്‍ ആദ്യത്തേതാണ് എന്നു തോന്നുന്നു. റിപ്പോര്‍ട്ടിന്നാധാരമായിരിയ്ക്കുന്നത് ബെങ്കളൂരാണെങ്കിലും കൊച്ചിയിലും കേരളത്തിലെ മറ്റു നഗരങ്ങളിലും ഈ റിപ്പോര്‍ട്ടിനു പ്രസക്തിയേറെയുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു.
അയ്യായിരം പേരേയോ പതിനായിരം പേരെയോ തന്‍റെ മകളുടെ വിവാഹത്തിനു ക്ഷണിയ്ക്കുന്ന ഒരച്ഛനെ ഞാന്‍ കുറ്റം പറയില്ല. എന്‍റെ മകളുടെ വിവാഹം ‘പൊടിപൊടിയ്ക്കണം’ എന്നാഗ്രഹിച്ചിരിയ്ക്കുന്ന ഒരു വ്യക്തിയാണു ഞാന്‍ . കയ്യിലുള്ള സമ്പത്തിന്നനുസൃതമായ സദ്യ അവര്‍ നടത്തിക്കോട്ടെ. പതിനായിരം പേരെങ്കില്‍ പതിനായിരം പേര്‍ . തങ്ങളുടെ സന്തോഷം പങ്കിടാന്‍ വേണ്ടി മുഴുവന്‍ സ്നേഹിതരേയും ക്ഷണിയ്ക്കുകയും അവര്‍ക്ക് നല്ല ഭക്ഷണം വിളമ്പുകയും ചെയ്യുന്നത് അപരാധമേയല്ല. ഉറ്റവരും സ്നേഹിതരുമായി ഒട്ടേറെപ്പേരുള്ളപ്പോള്‍ അവരില്‍ നൂറോ നൂറ്റമ്പതോ പേരെ മാത്രമേ ക്ഷണിയ്ക്കാവൂ എന്നു പറയുന്നതിലാണ് ഞാന്‍ അപാകം കാണുന്നത്. തന്നെയുമല്ല, അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ കൂടിയാണല്ലോ അവരെ വിവാഹത്തിനു ക്ഷണിയ്ക്കുന്നത്. ഭക്ഷണം കൊടുക്കുന്നത് ഒരു നല്ല കാര്യം തന്നെയാണ്. പ്രതാപലക്ഷണമായിരിയ്ക്കാം, എന്നു വരികിലും അയ്യായിരം പേര്‍ക്കു ഭക്ഷണം വിളമ്പുന്നതിനേക്കാള്‍ ഇരട്ടി മഹത്വമുള്ളതാണ് പതിനായിരം പേര്‍ക്കു വിളമ്പുന്നത്. ഈ പതിനായിരം പേര്‍ക്ക് സ്വന്തം വീട്ടില്‍ നിന്നായാലും എവിടെ നിന്നായാലും ആഹാരം കഴിച്ചേ തീരൂ. എങ്കില്‍പ്പിന്നെ അത് കല്യാണവീട്ടില്‍ നിന്നായാല്‍ എന്താ കുഴപ്പം?
അതിലൊന്നും ഞാന്‍ കുഴപ്പം കാണുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ പാഴായിപ്പോകുന്നതിലാണ് ഞാന്‍ കുഴപ്പം കാണുന്നത്. തയ്യാറാക്കിക്കഴിഞ്ഞ ആഹാരപദാര്‍ത്ഥങ്ങളില്‍ ഒന്നു പോലും പാഴായിപ്പോകാതിരിയ്ക്കാനെന്തു വഴി? ഇതാണ് ആലോചിയ്ക്കേണ്ടത്. എല്ലാ സമസ്യകള്‍ക്കും ഒന്നിലേറെ പരിഹാരങ്ങളുണ്ടാകും. ഇവിടേയും പല മാര്‍ഗ്ഗങ്ങളും ഉണ്ടാകാം. ഒരു മാര്‍ഗ്ഗം ഞാന്‍ പറയാം.
വിവാഹങ്ങള്‍ക്കായി ക്ഷണിയ്ക്കുമ്പോള്‍ കുടുംബത്തെയൊന്നാകെ ക്ഷണിയ്ക്കാറാണു പതിവ്. അതാണല്ലോ മര്യാദ. ക്ഷണിയ്ക്കുമ്പോള്‍ ‘നിങ്ങളുടെ വീട്ടില്‍ നിന്ന്‍ ആകെക്കൂടി ഒരാളേ വരാവൂ, അല്ലെങ്കില്‍ രണ്ടാളേ വരാവൂ” എന്ന്‍ ആരും പറയാറില്ലല്ലോ. ക്ഷണം പൂര്‍ണ്ണമായും സ്വീകരിച്ച് ചില കുടുംബങ്ങള്‍ ‘വീടടച്ച്’ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുക്കുന്നു. ചില കുടുംബങ്ങളില്‍ നിന്ന്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പങ്കെടുക്കുന്നു. ചില കുടുംബങ്ങളില്‍ നിന്ന്‍ പല കാരണങ്ങളാലും ആരും പങ്കെടുക്കുന്നുണ്ടാവുകയുമില്ല. 500 കുടുംബങ്ങളെ ക്ഷണിച്ചു കഴിഞ്ഞെന്നു കരുതുക. സദ്യയ്ക്ക് എത്രപേര്‍ക്കു ഭക്ഷണം വിളമ്പേണ്ടി വരുമെന്ന്‍ കൃത്യമായി എങ്ങനെ നിര്‍ണ്ണയിയ്ക്കും? 500 കുടുംബങ്ങളില്‍ നിന്നായി ആകെ 2000 മുതല്‍ 2500 പേര്‍ വരെ വന്നെത്താം. ചിലപ്പോഴത് 1500 ആയി കുറഞ്ഞെന്നും 3000 ആയി കൂടിയെന്നും വരാം. ഈ സന്ദിഗ്ദ്ധതയ്ക്കിടയിലും കൃത്യമായൊരു കണക്ക് പാചകമേറ്റെടുത്തിരിയ്ക്കുന്നവര്‍ക്കു കൊടുത്തേ തീരൂ. ആരേയും കുഴയ്ക്കുന്നൊരു കാര്യമാണിത്. ഭക്ഷണം ഒരിയ്ക്കലും തികയാതെ വരരുത് എന്നായിരിയ്ക്കും സദ്യ നടത്തുന്ന സകലരുടേയും അടിസ്ഥാനപരമായ ആവശ്യവും പ്രാര്‍ത്ഥനയും. ആയിരം പേരെയാണ് പ്രതീക്ഷിയ്ക്കുന്നതെങ്കിലും ആയിരത്തഞ്ഞൂറു പേര്‍ വന്നാലും ആഹാരം പോരാതെ വരരുതെങ്കില്‍ അക്ഷയപാത്രമോ മന്ത്രവടിയോ ഇല്ലാത്ത നിലയ്ക്ക് ആഹാരം കൂടുതല്‍ തയ്യാറാക്കുക തന്നെ വേണം. തയ്യാറാക്കിപ്പോയ ആഹാരത്തിന്നനുസരിച്ചുള്ള ആളുകള്‍ എത്തിയില്ലെങ്കില്‍ കുറേ ബാക്കി വന്നതു തന്നെ. അതില്‍ കുറേ പാഴായിപ്പോകുകയും ചെയ്യും.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാദ്ധ്യതയുള്ളവരുടെ സംഖ്യയെപ്പറ്റിയുള്ള ഇന്നത്തെ സന്ദിഗ്ദ്ധത പരിഹരിക്കാന്‍ അതിഥികളുടെ സഹകരണം കൂടിയേ തീരൂ. വാസ്തവത്തില്‍ അവരുടെ സഹകരണമാണ് അതില്‍ പ്രധാനം. ക്ഷണിയ്ക്കപ്പെട്ട ഓരോ അതിഥിയും വിവാഹസദ്യയില്‍ തന്‍റെ കുടുംബത്തില്‍ നിന്ന്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് ചുരുങ്ങിയതൊരു രണ്ടു ദിവസം മുന്‍പേയെങ്കിലും അറിയിച്ചേ തീരൂ. നിവൃത്തിയുണ്ടെങ്കില്‍ പാചകത്തിനു ചുമതലപ്പെട്ടവരെയായിരിയ്ക്കണം ഇതറിയിയ്ക്കുന്നതും. പാചകക്കാരുടെ (കെയ്റ്ററിംഗ് സര്‍വ്വീസുകാരുടെ) വിലാസം, ഫോണ്‍ നമ്പര്‍ , ഇമെയില്‍ ഐഡി, വേണ്ടി വന്നാല്‍ വെബ്സൈറ്റ്, ഇവയെല്ലാം ക്ഷണക്കത്തിന്‍റെ ചുവട്ടില്‍ കാണിച്ചിരിയ്ക്കണം. ഭക്ഷ്യവസ്തുക്കളുടെ (രാഷ്ട്രതാത്പര്യത്തിന്നെതിരായ) പാഴായിപ്പോകല്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്‌ എന്ന്‍ ക്ഷണക്കത്തില്‍ പ്രത്യേകം കാണിച്ചിരിയ്ക്കണം. തങ്ങളുടെ കുടുംബത്തില്‍ നിന്നു പങ്കെടുക്കുന്നവരുടെ എണ്ണം മുന്‍കൂട്ടി അറിയിച്ചു കഴിഞ്ഞാല്‍ അത്രയും പേര്‍ കണിശമായും പങ്കെടുക്കുകയും കൂടുതല്‍ പേര്‍ പങ്കെടുക്കാതിരിയ്ക്കുകയും വേണം.
തങ്ങളില്‍ എത്രപേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അതിഥികള്‍ ആതിഥേയനെയോ പാചകക്കാരെയോ മടികൂടാതെ മുന്‍കൂട്ടി അറിയിയ്ക്കുന്ന ഇത്തരമൊരു സമ്പ്രദായം, അഥവാ വ്യവസ്ഥിതി ഇന്നു നിലവിലില്ല. അതു നിലവില്‍ വരണം. കെയ്റ്ററിംഗ് സര്‍വ്വീസുകാര്‍ക്കു ആതിഥേയന്‍ കൊടുക്കേണ്ടി വരുന്ന തുകയില്‍ കാര്യമായ കുറവു വരുത്താന്‍ ഇതുപകരിച്ചേയ്ക്കില്ലെങ്കിലും തയ്യാറാക്കിക്കഴിഞ്ഞ ആഹാരം പാഴായിപ്പോകുന്നതു വളരെയധികം കുറയ്ക്കാന്‍ ഇതു സഹായിയ്ക്കും, തീര്‍ച്ച. ആഹാരം പാഴായിപ്പോകരുത്, രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതാണ്‌ അതിപ്രധാനം.