Tuesday, May 21, 2013



  • പുതിയ കാലത്ത് പഴയ രാവുണ്ണി 
    എ കെ രമേശ്
  • രാവുണ്ണിയുടെ അനേകരംഗഭാഷ്യങ്ങള്‍ അനുഭവിച്ചറിഞ്ഞ ഒരു സദസ്സിന്, ആ നാടകത്തിന്റെ പ്രഥമാവതരണത്തില്‍ അണിനിരന്ന നടന്മാരും ഒപ്പം പുതുതലമുറയിലെ ക്യാമ്പസ് നാടകപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നൊരുക്കുന്ന പുതിയ രംഗഭാഷ്യം തീര്‍ച്ചയായും ഗൃഹാതുരത്വത്തോടൊപ്പം ഏറെ പ്രതീക്ഷകളുമാണ് സമ്മാനിക്കുക. മലയാളികള്‍ ചെന്നേടത്തൊക്കെ രാവുണ്ണിയും ചെന്നെത്തിയിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഒട്ടനവധി സംവിധായകര്‍ അനേകമനേകം രംഗഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്, ആ നാടകത്തിന്. ജയപ്രകാശ് കാര്യാലിന്റെ സംവിധാനത്തിലാണ് പി എം താജിന്റെ രാവുണ്ണി ആദ്യമായവതരിപ്പിക്കപ്പെട്ടത്. അന്ന് ടി സുധാകരനും, ടി പി കൃഷ്ണനും കൈകാര്യം ചെയ്ത രാവുണ്ണിയെയും കുഞ്ഞമ്പുവിനെയും മണി മാഷും പുരുഷു കുട്ടമ്പൂരും ചേര്‍ന്ന് തെരുവുനാടകരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവനവന്‍ കടമ്പയും ഭഗവദ്ദജ്ജുകവും ചേര്‍ന്നുണ്ടാക്കിയ പുതിയ ഭാവുകത്വത്തിനൊത്തിണങ്ങുംവിധം വര്‍ത്തമാനകാല ജീവിതാനുഭവങ്ങളെ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടെ അവതരിപ്പിച്ച പി എം താജിനെ മലയാള നാടക പ്രേമികള്‍ ഏറെ ആവേശപൂര്‍വമാണ് സ്വീകരിച്ചത്.

    മലയാള രാഷ്ട്രീയ നാടകങ്ങളില്‍ പലതും രാഷ്ട്രീയം പച്ചയ്ക്ക് പറയുമ്പോഴും തീര്‍ത്തും അരാഷ്ട്രീയമായിരുന്നു. അവിടെ പുതിയ കാലത്തിനിണങ്ങും വിധം സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ മനസ്സില്‍ തട്ടുംവിധം അവതരിപ്പിക്കാനായതു കൊണ്ടാണ് താജ് കൊണ്ടാടപ്പെട്ടത്. പുതിയ കാലത്തെ ക്യാമ്പസ്സുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും കെട്ടുകാഴ്ചകള്‍ കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ താജിന്റെ നാടകത്തെ എങ്ങനെയാവും ക്യാമ്പസ്സ് സ്വീകരിക്കുക? യാതൊരു ആടയാഭരണവുമില്ലാതെ നടന്മാരുടെ ആംഗികവും വാചികവുമായ ഇടപെടലിലൂടെ മാത്രം രാവുണ്ണിയിലെ രാഷ്ട്രീയം പ്രേക്ഷകരിലെത്തിക്കാമെന്ന് മണിമാഷും പുരുഷു കുട്ടമ്പൂരും തെളിയിച്ചിട്ടുണ്ട്. കാര്യമായ രംഗസാമഗ്രികളൊന്നുമില്ലാതെ വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും സൂക്ഷ്മപ്രയോഗത്തിലൂടെ രാവുണ്ണിയുടെ അവതരണം പ്രോജ്വലമാക്കാമെന്ന് ജയപ്രകാശ് കാര്യാല്‍ തെളിയിച്ചിട്ടുമുണ്ട്. എങ്കില്‍ പിന്നെ നടന്മാരുടെ ശരീരത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ദരിദ്ര നാടകരൂപം മതിയാകുമായിരുന്നേടത്ത് എന്തിനാണ് സംവിധായകനായ വിജേഷും അഭിനയത്തികവ് തെളിയിച്ച കബനിയും ഇത്ര കഷ്ടപ്പെട്ട് തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്നത്. എന്തിനാണ് അഴകേറിയ രംഗചിത്രങ്ങള്‍ വരച്ചിടുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരും-വിശേഷിച്ചും രാവുണ്ണിയുടെ ആദ്യാവതരണത്തില്‍ രാവുണ്ണിയായിരുന്ന ടി സുധാകരന്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!

    പക്ഷേ ടെലിവിഷന്റെ ദൃശ്യസൗകുമാര്യം പാകപ്പെടുത്തിയ പ്രേക്ഷകക്കണ്ണിനിണങ്ങുംവിധം കണ്ണിന്റെ കലയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമമായിരുന്നു വിജേഷിന്റേത്. എണ്‍പതുകളിലെ മാനസിക കാലാവസ്ഥയല്ല ഇന്നത്തെ ശരാശരി കേരളീയന്റേത്. ഐഎംഎഫ് വായ്പ നാടിനെ കുളം തോണ്ടുന്നതിന്റെ വേവലാതിയാണ് രാവുണ്ണിയുടെ രചനയ്ക്ക് നിദാനം. താജിന്റെ സ്വതഃസിദ്ധമായ കറുത്ത ഫലിതത്തോടെ കടത്തിന്റെ തത്വശാസ്ത്രം രാവുണ്ണിയിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഓരോ കമ്പിക്കാലിനോടും കടം വാങ്ങി കടക്കാരെ ഭയന്ന് തൂങ്ങിച്ചത്തവന്റെ ശവമടക്കാന്‍ പോകുന്നവരുടെ കണ്ണുകളിലെ ഭീതി കാണികളിലേക്കാകെ പകര്‍ത്താനും തങ്ങളും രാവുണ്ണിയായി മാറുകയാണ് എന്ന് അവരെ ബോധ്യപ്പെടുത്താനും എണ്‍പതുകളില്‍ എളുപ്പമായിരുന്നു. എന്നാല്‍ കടം വാങ്ങി നാടിനെ പണയപ്പടുത്തുക മാത്രമല്ല, നാടും കാടും മണ്ണും മലയും തോടും പുഴയുമൊക്കെ പതിച്ചു കൊടുക്കുന്ന ഒരു കാലത്ത് എണ്‍പതുകളില്‍ കാണികളനുഭവിച്ച നടുക്കം ഇപ്പോള്‍ പ്രതീക്ഷിക്കുക വയ്യ. അതൊക്കെ നാട്ടുനടപ്പായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടൊന്നും ഞെട്ടുന്ന മനസ്സല്ല 2012-13 ലെ കാണികളുടേത്. അങ്ങനെ വരുമ്പോള്‍ എങ്ങനെ വേണം പുതിയകാലത്ത് പഴയ നാടകങ്ങളെ പ്രതിഷ്ഠിക്കാന്‍ എന്നതു തന്നെയാണ് വിജേഷും സംഘവും അനുഭവിച്ചിരിക്കാന്‍ ഇടയുള്ള ആശങ്ക; പ്രത്യേകിച്ചും അവതരിപ്പിക്കുന്നത് ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തകരാകുമ്പോള്‍! അതുകൊണ്ടു തന്നെയാവണം ജയപ്രകാശ് കാര്യാല്‍ ഉപേക്ഷിച്ച സ്റ്റേജ് പ്രോപ്പര്‍ടീസിനെ വിജേഷ് ആശ്രയിക്കുന്നത്. രാവുണ്ണിയുടെ പുനരവതരണമല്ല പുതിയ വ്യാഖ്യാനമാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ക്യാമ്പസ് തിയേറ്റര്‍ പ്രവര്‍ത്തകരെക്കൊണ്ട് വിജേഷ് നിര്‍വഹിച്ചത്. അങ്ങനെയാണ് വെറുമൊരു കര്‍ട്ടനെയും നടീനടന്മാരുടെ ശരീരങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വയലും വരമ്പും ബണ്ടുമൊക്കെ അനായാസം വരച്ചുകാട്ടുന്നത്. കൊറിയോഗ്രാഫിയുടെ കാര്യത്തില്‍ ഇത്രയ്ക്ക് കൈത്തഴക്കം കാട്ടിയ ഒരു സംവിധായകന് ദീപവിതാനത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ എങ്ങനെയാണ് ഉദാസീനനാവാന്‍ കഴിയുന്നത് എന്നത് ചോദ്യമായിത്തന്നെ അവശേഷിക്കുന്നു!

    രാവുണ്ണിയുടെ കൂട്ടുകാരായ കര്‍ഷകരൊക്ക ജന്മി പുതുതായി തുടങ്ങുന്ന ഫാക്ടറിയിലെ തൊഴിലാളികളായി മാറുമ്പോള്‍ രാവുണ്ണി മാത്രം കലഹിച്ച് നില്‍ക്കുകയാണ്. ആ രാവുണ്ണി കാണുന്നൊരു കിനാവുണ്ട്. ജന്മിയുടെ ആള്‍ക്കാര്‍ മറ്റുള്ളവരുടെ അളവും തൂക്കവും നോക്കിയശേഷം തന്നെ സമീപിക്കുന്നു. അവര്‍ അളക്കുന്ന ടേപ്പ് തന്റെ കഴുത്തില്‍ കുരുങ്ങുന്നതായും ജന്മിയുടെ ആള്‍ക്കാര്‍ വലിച്ചിഴയ്ക്കുന്നതായും തോന്നിയ ഫാന്റസി! ഒരു ഇല്യൂഷന്‍ സീനും മറ്റു സീനുകളും തമ്മില്‍ ദീപവിതാനത്തില്‍ പുലര്‍ത്തേണ്ട വ്യത്യാസമറിയാത്ത മട്ടിലായി ആ രംഗം കൈകാര്യം ചെയ്തത്. ഈയൊരു പാളിച്ച ഒഴിച്ചാല്‍ പുതിയ കാലത്തിനിണങ്ങിയമട്ടിലുള്ള പുതിയ രംഗഭാഷ്യം എന്ന നിലയ്ക്ക് രാവുണ്ണിയുടെ ക്യാമ്പസ്വല്‍ക്കരണത്തില്‍ വിജേഷും സംഘവും ഏറെ മുന്നേറിയിട്ടുണ്ട്.

    മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ തിയേറ്റര്‍ വിങ്ങിന്റെ ബാനറില്‍ താജ് അനുസ്മരണ സമിതിയുടെ സഹകരണത്തോടെ അവതരിപ്പിച്ച ഈ നാടകം തീര്‍ച്ചയായും ക്യാമ്പസിന്റെ തിളക്കങ്ങള്‍ പുറത്തുകൊണ്ടു വരുന്നതില്‍ ഏറെ വിജയിച്ചിട്ടുണ്ട്. ഷിബിനാ റോസിലിയും അനശ്വരയും ശ്രീനാഥും മുഹമ്മദ് ഫാറൂഖും ഛന്ദസ്സും അശ്വനിയും അശ്വതിയും അശ്വിനും അമീന്‍ അബ്ദുള്ളാ അഹാദും ഷെറിനും അശ്വതി സിയും നിതിനും യതിയും ഇവരെയൊക്കെ ഒറ്റച്ചരടില്‍ കോര്‍ത്ത വിജേഷും പിന്നണി പ്രവര്‍ത്തകരായ ടി സുരേഷ്ബാബു, സുധാകരന്‍ രാമനാട്ടുകര, കെ കെ സന്തോഷ്കുമാര്‍ പാലത്ത്, എം രാജഗോപാല്‍, ഫാരിസ് മാഷ്, വില്‍സണ്‍ സാമുവല്‍, കുഞ്ഞന്‍ ചേളന്നൂര്‍, മുരളി പറയഞ്ചേരി, എം പി സി, റോയ് മലപ്പുറം, വിനോദ് നിസരി, പരാഗ് മുരളീധരന്‍, ബിനോയ്, സന്തോഷ് നിലമ്പൂര്‍ എന്നിവരും ചേര്‍ന്നൊരുക്കിയ ഈ പുതിയ രംഗഭാഷ്യം ക്യാമ്പസിന്റെ സമ്പന്നമായ സാധ്യത കൂടി തെളിയിച്ചുകാട്ടി! നാടകപ്രവര്‍ത്തകരാകെ ഈ കൂട്ടായ്മയെ അനുമോദിക്കേണ്ടിയിരിക്കുന്നു. ഇതിന് കൂടുതല്‍ വേദികള്‍ നല്‍കി പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment