Monday, May 27, 2013

യൂസുഫലിയുടെ പിന്‍മാറ്റത്തിന് പിന്നിലെന്ത്?




എന്തുകൊണ്ടാണ് ഇടപ്പള്ളിയിലെ ലുലു മാള്‍ വിവാദത്തിലായപ്പോള്‍ അതിനപ്പുറത്തെ ബോള്‍ഗാട്ടി പ്രോജക്റ്റില്‍നിന്ന് യൂസുഫലി പിന്‍മാറുന്നത്-ഗോവര്‍ദ്ധന്‍ എഴുതുന്നു


എന്താണ് യൂസുഫലിയുടെ ഒളിച്ചോട്ടത്തിനുള്ള കാരണം? തീര്‍ച്ചയായും സി.പി.എമ്മിനെ പേടിച്ചല്ല അത്. മറിച്ച്, പുതിയ സ്ഥലത്ത് നിര്‍മാണം തുടങ്ങണമെങ്കില്‍ ഇനിയും തീരദേശ പരിപാലന നിയമങ്ങളില്‍ ഇളവു വേണം. താന്‍ പിന്‍മാറുമെന്ന് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ചാടിവീണ് ‘അയ്യോ അച്ഛാ പോവല്ലേ’യെന്ന് കരഞ്ഞു വിളിക്കുമെന്ന് യൂസുഫലിക്കറിയാം. ഇനി വരാന്‍ പോവുന്ന വലിയ നിക്ഷേപങ്ങളെ ഇത് ബാധിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കാനുമാവും. അതു കൊണ്ടാണ് ഇത്തരുണത്തില്‍ മലയാളികള്‍ ചിന്താവിഷ്ടയായ ശ്യാമളയുടെ ബുദ്ധിയെങ്കിലും കാണിക്കേണ്ടത്-ഗോവര്‍ദ്ധന്‍ എഴുതുന്നു


 
ആയിരക്കണക്കിന് വര്‍ഷങ്ങളായി മലയും ആഴവും ചേര്‍ന്ന് മലയാഴമായും പിന്നെ മലയാളമായും ഒരു സംസ്കൃതിയെ ഊട്ടി വളര്‍ത്തിയ കേരളത്തിന്റെ ഭൂ പ്രകൃതി മാറിമറിഞ്ഞത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ്. മുനിയറകളടക്കം പൂര്‍വ്വികരുടെ വാസസ്ഥലങ്ങളും ഇടനാടന്‍ കുന്നുകളും ഇടിച്ചു നിരത്തപ്പെട്ടു. കാലവര്‍ഷത്തെയും തുലാവര്‍ഷത്തെയും ഏറ്റുവാങ്ങി വര്‍ഷം മുഴുവന്‍ കുടിവെള്ളം കൊടുത്തിരുന്ന സ്ഥലരാശികളെല്ലാം ഇടിച്ചു നിരത്തപ്പെട്ടു. സ്വാഭാവികമായും നീര്‍ച്ചാലുകളും ജലം സൂക്ഷിച്ചിരുന്ന നെല്‍പ്പാടങ്ങളും ചതുപ്പു നിലങ്ങളും ഇല്ലാതാക്കപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ തന്നെ കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഒരിക്കലും വററില്ലെന്ന് കരുതിയ കിണറുകള്‍ വറ്റി. വെള്ളമില്ലാതെ നിരവധിയാളുകള്‍ മാറിത്താമസിച്ചു. കര്‍ഷകര്‍ സഹിക്കാനാവാതെ കന്നുകാലികളെ വിറ്റൊഴിവാക്കി. കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ രാത്രികാലങ്ങളില്‍ തീരദേശ പട്ടണങ്ങളിലെ ഫ്ലാറ്റുകളില്‍ മലിനമെന്നുറപ്പുള്ള ജലം വലിയ വിലയ്ക്ക് നിറച്ചുകൊടുത്തു. ഡിഫ്ത്തീരിയയും ഡങ്കിയും മലേറിയ പോലും കേരളത്തിന്റെ സ്വാസ്ഥ്യങ്ങളിലേക്ക് തിരിച്ചെത്തി. വാര്‍ത്തകള്‍ പൂഴ്ത്താന്‍ സ്വന്തമായി വിദഗ്ധ സംഘമുള്ള ആരോഗ്യ വകുപ്പിനെ പോലും ഭേദിച്ച് ,നാട്ടിലെത്തിയ വ്യാധികള്‍ വാര്‍ത്തയായി.
ഈ വരണ്ടുണങ്ങിയ കേരളത്തിന്റെ ഹൃദയത്തിലേക്കാണ് യൂസുഫലിയുടെ കയ്യേറ്റക്കാരന്‍ എന്നു വിളിച്ചതിലുള്ള സങ്കടവും അതിനാല്‍ കൊച്ചിയിലെ വന്‍ നിക്ഷേപം അദ്ദേഹം വേണ്ടെന്നു വെക്കുന്നതുമായ വാര്‍ത്തയെത്തുന്നത്.
 
Image Courtesy: The Hindu

 
ഇടപ്പള്ളിയിലെ വിവാദവും
ബോള്‍ഗാട്ടിയിലെ പിന്‍വാങ്ങലും

എന്തുകൊണ്ടാണ് ഇടപ്പള്ളിയിലെ ലുലു മാള്‍ വിവാദത്തിലായപ്പോള്‍ അതിനപ്പുറത്തെ ബോള്‍ഗാട്ടി പ്രോജക്റ്റില്‍നിന്ന് യൂസുഫലി പിന്‍മാറുന്നത്?
നാട്ടിലെ ചെറിയ കടകളെ ഇല്ലാതാക്കിക്കൊണ്ടു വന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഇല്ലാതാക്കിക്കൊണ്ടു വരുന്ന മാളുകളും ചേര്‍ന്ന് നവലിബറല്‍ ഉദാരവല്‍കൃത സമ്പദ്വ്യവസ്ഥ അതിവേഗം മുന്നേറുന്നതിനിടയ്ക്കാണ് യൂസുഫലിയുടെ പിന്‍മാറ്റം. ബോള്‍ഗാട്ടി പ്രൊജക്റ്റിന് മുടക്കിയ 71 കോടി താന്‍ വിട്ടുകളയുന്നു എന്നാണ് യൂസുഫലി പറഞ്ഞത്. വര്‍ഷം 30,000 കോടിയുടെ കച്ചവടം നടത്തുന്ന തനിക്ക് അതൊരു പ്രശ്നമല്ലെന്നും പറഞ്ഞു. എല്ലാം കയ്യേറ്റക്കാരനെന്ന് സി.പി.എമ്മുകാര്‍ വിളിച്ചതിലുള്ള സങ്കടം കാരണം!


 
കയ്യേറ്റക്കാരന്‍ മാത്രമല്ല
അധിനിവേശകനും

മരുഭൂമിയില്‍ കെട്ടിപ്പൊക്കുന്ന വന്‍ കെട്ടിടങ്ങളും നെടുനീളന്‍ റോഡുകളും ഫ്ലൈ ഓവറുകളും കണ്ട് തിരിച്ചെത്തിയ ഒത്തിരി മലയാളികളുടെ ആവേശമുണ്ടായിരുന്നു എമര്‍ജിങ് കേരളയിലെ പ്രൊജക്റ്റുകള്‍ക്ക്. വന്‍ നിക്ഷേപങ്ങളെന്നും വന്‍ വികസനമെന്നും പറഞ്ഞ് അവതരിപ്പിച്ച പ്രൊജക്റ്റുകളെല്ലാം തന്നെ നാട്ടുകാരുടെ കീശയില്‍നിന്ന് പണം പുറത്തെത്തിക്കാനുള്ള പദ്ധതികളായിരുന്നു. വിനോദം, ഉല്ലാസം, അതിനിടെ ഇവ രണ്ടും ചേര്‍ത്തുള്ള സ്വാശ്രയ വിദ്യാഭ്യാസവും ( വയനാട്ടില്‍ ചായത്തോട്ടങ്ങളിലെ കുന്നുകള്‍ ഇടിച്ചു നിരത്തി മെഡിക്കല്‍ കോളജ്/ ടൂറിസം പദ്ധതി നടത്തുന്ന കമ്പനി ചോദിച്ചത് കുട്ടികള്‍ക്ക് പഠിക്കാന്‍ ഇതിനേക്കാള്‍ നല്ല സ്ഥലം വേറെ ഏത് എന്നാണ്). കേരളം ഒരു മരുഭൂമിയല്ലെന്ന് ഇവരെല്ലാവരും മറന്നു.
കൊച്ചിയിലടക്കം തീരദേശ പട്ടണങ്ങളില്‍ കടലും കായലും നികത്താനും കെട്ടിടമുണ്ടാക്കാനായും വേനലില്‍ വെള്ളം തന്നിരുന്ന കുന്നുകളോരോന്നും ഇല്ലാതായി . പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി കേരളത്തില്‍ വന്നിറങ്ങുന്ന മൂലധനം രണ്ട് കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്ന് കേരളത്തിന്റെ പ്രകൃതത്തിനിണങ്ങാത്ത പ്രവര്‍ത്തനങ്ങളിലൂടെ ഇവിടത്തെ പരിസ്ഥിതി സന്തുലനാവസ്ഥ തകര്‍ക്കുക.ശുദ്ധ ജലം പോലും കിട്ടാതാക്കുക. രണ്ടാമതായി മലയാളിയെ മാളിലെത്തിച്ച് കൊള്ളയടിക്കുക. ഈ മായികലോകത്തെത്താനുള്ള തത്രപ്പാടില്‍ അഴിമതിയും പിടിച്ചു പറിയും ക്വട്ടേഷന്‍ സംഘങ്ങളും വ്യാപകമായി കേരളത്തിന്റെ സമാധാനം തകര്‍ക്കുക. ഇവ രണ്ടുമല്ലാതെ കേരളത്തിന്റെ വിഭവങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു പദ്ധതിക്കും മൂലധനം മുടക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. ഇക്കാരണം കൊണ്ടാണ് യൂസുഫലി കയ്യേറ്റക്കാരന്‍ മാത്രമല്ല ബ്രിട്ടീഷുകാരേക്കാള്‍ കടുപ്പമേറിയ അധിനിവേശത്തിന്റെ നേതാവാകുന്നത്.


 
ഇടതും വലതും വികസനവും
ഈ മൂലധനാധിനിവേശത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഇടതു വലതു പക്ഷങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. യൂസുഫലി ഓടിക്കുന്ന വണ്ടിയില്‍ ഉമ്മന്‍ ചാണ്ടിയും അച്യുതാനന്ദനും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം.
എറണാകുളത്ത് സി.പി.എം സെക്രട്ടറി ദിനേശ് മണിയും എം.എം ലോറന്‍സും ചേര്‍ന്ന് ലുലു മാളിനെതിരെ രംഗത്തു വന്നത് കണ്ട് ,ഇടതുപക്ഷം അവരുടെ നവലിബറല്‍ നയങ്ങളോടുള്ള വിയോജിപ്പ് പ്രയോഗികമായി നടപ്പിലാക്കാന്‍ തുടങ്ങി എന്ന് വിചാരിക്കാനാവില്ല. ആറന്‍മുള, അതിരപ്പിള്ളി, പാതിരാമണല്‍ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളോടുള്ള നിലപാടുകളിലൂടെ അതിനിയും വ്യക്തമാകേണ്ടതായുണ്ട്.

 
ബോള്‍ഗാട്ടി Image Courtesy: The Hindu
പൊതു വിഭവങ്ങള്‍ എങ്ങിനെ
സ്വകാര്യ മുതലാളിമാര്‍ക്ക് എത്തിക്കാം?

അതിനിടെ, ഇപ്പോഴത്തെ യൂസുഫലിയുടെ പിന്‍മാറ്റത്തിന് കാരണം മറ്റൊന്നാണ്. അദ്ദേഹം പിന്‍മാറിയ ബോള്‍ഗാട്ടി പ്രൊജക്റ്റിലുള്ള സ്ഥലം കായല്‍ നികത്തി ഉണ്ടാക്കിയത് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ്. തുറമുഖത്തിനു വേണ്ടിയാണ് എന്നതു കൊണ്ടാണ് തീരദേശ നിയമത്തില്‍ ഇളവ് നേടി കായല്‍ നികത്താന്‍ കഴിഞ്ഞത്. 3.8 കോടി രൂപ മുടക്കി പോര്‍ട്ട് ട്രസ്റ്റ് ഇത് നികത്തി കഴിഞ്ഞപ്പോള്‍ ഈ സ്ഥലം തുറമുഖത്തുനിന്നും ഏറെ അകലത്തിലായതിനാല്‍ തുറമുഖാവശ്യത്തിന് പറ്റിയതല്ലെന്ന് ചൂണ്ടിക്കാണിച്ച് ദീര്‍ഘകാല പാട്ടത്തിന് നല്‍കുവാനായി അനുവാദം സമ്പാദിച്ചു.
ഈ സ്ഥലമാണ് ലുലു കണ്‍വന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 നിലകളുള്ള ഹോട്ടലും മൂന്ന് വില്ലകളും കണ്‍വന്‍ഷന്‍ സെന്ററും കച്ചവട സമുച്ചയവും ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനും സ്ഥാപിക്കാന്‍ കൊടുക്കുന്നത്. ഏക്കറിന് 20 കോടി രൂപയെങ്കിലും മതിപ്പു വിലയുള്ള ഭൂമിക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കണക്കാക്കിയത് ഏക്കറിന് 2.1 കോടിയാണ്.ലുലു കൊടുക്കാമെന്നേറ്റത് ഏക്കറിന് 2.7 കോടിയും!
ഞങ്ങള്‍ കണക്കു കൂട്ടിയതിനേക്കാളും വില ലുലു നല്‍കുന്നുണ്ടെന്നും ടെണ്ടറില്‍ മറ്റാരും പങ്കെടുത്തില്ല എന്നതുമാണ് പോര്‍ട്ടിന്റെ ന്യായം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള നിയമ സംവിധാനങ്ങളെ ഉപയോഗിച്ച് പൊതുവിഭവങ്ങള്‍ സ്വകാര്യ മുതലാളിക്ക് കൈമാറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇവിടെകണ്ടത്.
 
ബോള്‍ഗാട്ടി Image Courtesy: The Hindu

 
ഇപ്പോഴത്തെ ഒളിച്ചോട്ടത്തിനു
പിന്നിലെന്ത്?

എന്താണ് യൂസുഫലിയുടെ ഒളിച്ചോട്ടത്തിനുള്ള കാരണം? തീര്‍ച്ചയായും സി.പി.എമ്മിനെ പേടിച്ചല്ല അത്. മറിച്ച്, പുതിയ സ്ഥലത്ത് നിര്‍മാണം തുടങ്ങണമെങ്കില്‍ ഇനിയും തീരദേശ പരിപാലന നിയമങ്ങളില്‍ ഇളവു വേണം. താന്‍ പിന്‍മാറുമെന്ന് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ചാടിവീണ് ‘അയ്യോ അച്ഛാ പോവല്ലേ’യെന്ന് കരഞ്ഞു വിളിക്കുമെന്ന് യൂസുഫലിക്കറിയാം. ഇനി വരാന്‍ പോവുന്ന വലിയ നിക്ഷേപങ്ങളെ ഇത് ബാധിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കാനുമാവും. ഇത്രയുമായാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും കേന്ദ്രത്തില്‍ പോയി വീണ്ടും പരിസ്ഥിതി നിയമങ്ങളെ ദുര്‍ബലപ്പെടുത്തി തിരിച്ചെത്തേണ്ടി വരും. ഇതിനുമാത്രമല്ല, ഇനി വരാന്‍ പോവുന്ന നിക്ഷേപങ്ങള്‍ക്കും ഇത്തരത്തിലുള്ള പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലമാക്കേണ്ടതുണ്ട്.
അതു കൊണ്ടാണ് ഇത്തരുണത്തില്‍ മലയാളികള്‍ ചിന്താവിഷ്ടയായ ശ്യാമളയുടെ ബുദ്ധിയെങ്കിലും കാണിക്കേണ്ടത്. കാരണം യൂസുഫലിയും കൂട്ടരും കേരളത്തില്‍ നിക്ഷേപിക്കാതിരുന്നാല്‍ രക്ഷപ്പെടുക ഇവിടെയുള്ള സാധാരണ ജനങ്ങളാണ്.

Tuesday, May 21, 2013



  • പുതിയ കാലത്ത് പഴയ രാവുണ്ണി 
    എ കെ രമേശ്
  • രാവുണ്ണിയുടെ അനേകരംഗഭാഷ്യങ്ങള്‍ അനുഭവിച്ചറിഞ്ഞ ഒരു സദസ്സിന്, ആ നാടകത്തിന്റെ പ്രഥമാവതരണത്തില്‍ അണിനിരന്ന നടന്മാരും ഒപ്പം പുതുതലമുറയിലെ ക്യാമ്പസ് നാടകപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നൊരുക്കുന്ന പുതിയ രംഗഭാഷ്യം തീര്‍ച്ചയായും ഗൃഹാതുരത്വത്തോടൊപ്പം ഏറെ പ്രതീക്ഷകളുമാണ് സമ്മാനിക്കുക. മലയാളികള്‍ ചെന്നേടത്തൊക്കെ രാവുണ്ണിയും ചെന്നെത്തിയിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഒട്ടനവധി സംവിധായകര്‍ അനേകമനേകം രംഗഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്, ആ നാടകത്തിന്. ജയപ്രകാശ് കാര്യാലിന്റെ സംവിധാനത്തിലാണ് പി എം താജിന്റെ രാവുണ്ണി ആദ്യമായവതരിപ്പിക്കപ്പെട്ടത്. അന്ന് ടി സുധാകരനും, ടി പി കൃഷ്ണനും കൈകാര്യം ചെയ്ത രാവുണ്ണിയെയും കുഞ്ഞമ്പുവിനെയും മണി മാഷും പുരുഷു കുട്ടമ്പൂരും ചേര്‍ന്ന് തെരുവുനാടകരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവനവന്‍ കടമ്പയും ഭഗവദ്ദജ്ജുകവും ചേര്‍ന്നുണ്ടാക്കിയ പുതിയ ഭാവുകത്വത്തിനൊത്തിണങ്ങുംവിധം വര്‍ത്തമാനകാല ജീവിതാനുഭവങ്ങളെ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടെ അവതരിപ്പിച്ച പി എം താജിനെ മലയാള നാടക പ്രേമികള്‍ ഏറെ ആവേശപൂര്‍വമാണ് സ്വീകരിച്ചത്.

    മലയാള രാഷ്ട്രീയ നാടകങ്ങളില്‍ പലതും രാഷ്ട്രീയം പച്ചയ്ക്ക് പറയുമ്പോഴും തീര്‍ത്തും അരാഷ്ട്രീയമായിരുന്നു. അവിടെ പുതിയ കാലത്തിനിണങ്ങും വിധം സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ മനസ്സില്‍ തട്ടുംവിധം അവതരിപ്പിക്കാനായതു കൊണ്ടാണ് താജ് കൊണ്ടാടപ്പെട്ടത്. പുതിയ കാലത്തെ ക്യാമ്പസ്സുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും കെട്ടുകാഴ്ചകള്‍ കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ താജിന്റെ നാടകത്തെ എങ്ങനെയാവും ക്യാമ്പസ്സ് സ്വീകരിക്കുക? യാതൊരു ആടയാഭരണവുമില്ലാതെ നടന്മാരുടെ ആംഗികവും വാചികവുമായ ഇടപെടലിലൂടെ മാത്രം രാവുണ്ണിയിലെ രാഷ്ട്രീയം പ്രേക്ഷകരിലെത്തിക്കാമെന്ന് മണിമാഷും പുരുഷു കുട്ടമ്പൂരും തെളിയിച്ചിട്ടുണ്ട്. കാര്യമായ രംഗസാമഗ്രികളൊന്നുമില്ലാതെ വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും സൂക്ഷ്മപ്രയോഗത്തിലൂടെ രാവുണ്ണിയുടെ അവതരണം പ്രോജ്വലമാക്കാമെന്ന് ജയപ്രകാശ് കാര്യാല്‍ തെളിയിച്ചിട്ടുമുണ്ട്. എങ്കില്‍ പിന്നെ നടന്മാരുടെ ശരീരത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ദരിദ്ര നാടകരൂപം മതിയാകുമായിരുന്നേടത്ത് എന്തിനാണ് സംവിധായകനായ വിജേഷും അഭിനയത്തികവ് തെളിയിച്ച കബനിയും ഇത്ര കഷ്ടപ്പെട്ട് തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്നത്. എന്തിനാണ് അഴകേറിയ രംഗചിത്രങ്ങള്‍ വരച്ചിടുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരും-വിശേഷിച്ചും രാവുണ്ണിയുടെ ആദ്യാവതരണത്തില്‍ രാവുണ്ണിയായിരുന്ന ടി സുധാകരന്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!

    പക്ഷേ ടെലിവിഷന്റെ ദൃശ്യസൗകുമാര്യം പാകപ്പെടുത്തിയ പ്രേക്ഷകക്കണ്ണിനിണങ്ങുംവിധം കണ്ണിന്റെ കലയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമമായിരുന്നു വിജേഷിന്റേത്. എണ്‍പതുകളിലെ മാനസിക കാലാവസ്ഥയല്ല ഇന്നത്തെ ശരാശരി കേരളീയന്റേത്. ഐഎംഎഫ് വായ്പ നാടിനെ കുളം തോണ്ടുന്നതിന്റെ വേവലാതിയാണ് രാവുണ്ണിയുടെ രചനയ്ക്ക് നിദാനം. താജിന്റെ സ്വതഃസിദ്ധമായ കറുത്ത ഫലിതത്തോടെ കടത്തിന്റെ തത്വശാസ്ത്രം രാവുണ്ണിയിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഓരോ കമ്പിക്കാലിനോടും കടം വാങ്ങി കടക്കാരെ ഭയന്ന് തൂങ്ങിച്ചത്തവന്റെ ശവമടക്കാന്‍ പോകുന്നവരുടെ കണ്ണുകളിലെ ഭീതി കാണികളിലേക്കാകെ പകര്‍ത്താനും തങ്ങളും രാവുണ്ണിയായി മാറുകയാണ് എന്ന് അവരെ ബോധ്യപ്പെടുത്താനും എണ്‍പതുകളില്‍ എളുപ്പമായിരുന്നു. എന്നാല്‍ കടം വാങ്ങി നാടിനെ പണയപ്പടുത്തുക മാത്രമല്ല, നാടും കാടും മണ്ണും മലയും തോടും പുഴയുമൊക്കെ പതിച്ചു കൊടുക്കുന്ന ഒരു കാലത്ത് എണ്‍പതുകളില്‍ കാണികളനുഭവിച്ച നടുക്കം ഇപ്പോള്‍ പ്രതീക്ഷിക്കുക വയ്യ. അതൊക്കെ നാട്ടുനടപ്പായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടൊന്നും ഞെട്ടുന്ന മനസ്സല്ല 2012-13 ലെ കാണികളുടേത്. അങ്ങനെ വരുമ്പോള്‍ എങ്ങനെ വേണം പുതിയകാലത്ത് പഴയ നാടകങ്ങളെ പ്രതിഷ്ഠിക്കാന്‍ എന്നതു തന്നെയാണ് വിജേഷും സംഘവും അനുഭവിച്ചിരിക്കാന്‍ ഇടയുള്ള ആശങ്ക; പ്രത്യേകിച്ചും അവതരിപ്പിക്കുന്നത് ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തകരാകുമ്പോള്‍! അതുകൊണ്ടു തന്നെയാവണം ജയപ്രകാശ് കാര്യാല്‍ ഉപേക്ഷിച്ച സ്റ്റേജ് പ്രോപ്പര്‍ടീസിനെ വിജേഷ് ആശ്രയിക്കുന്നത്. രാവുണ്ണിയുടെ പുനരവതരണമല്ല പുതിയ വ്യാഖ്യാനമാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ക്യാമ്പസ് തിയേറ്റര്‍ പ്രവര്‍ത്തകരെക്കൊണ്ട് വിജേഷ് നിര്‍വഹിച്ചത്. അങ്ങനെയാണ് വെറുമൊരു കര്‍ട്ടനെയും നടീനടന്മാരുടെ ശരീരങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വയലും വരമ്പും ബണ്ടുമൊക്കെ അനായാസം വരച്ചുകാട്ടുന്നത്. കൊറിയോഗ്രാഫിയുടെ കാര്യത്തില്‍ ഇത്രയ്ക്ക് കൈത്തഴക്കം കാട്ടിയ ഒരു സംവിധായകന് ദീപവിതാനത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ എങ്ങനെയാണ് ഉദാസീനനാവാന്‍ കഴിയുന്നത് എന്നത് ചോദ്യമായിത്തന്നെ അവശേഷിക്കുന്നു!

    രാവുണ്ണിയുടെ കൂട്ടുകാരായ കര്‍ഷകരൊക്ക ജന്മി പുതുതായി തുടങ്ങുന്ന ഫാക്ടറിയിലെ തൊഴിലാളികളായി മാറുമ്പോള്‍ രാവുണ്ണി മാത്രം കലഹിച്ച് നില്‍ക്കുകയാണ്. ആ രാവുണ്ണി കാണുന്നൊരു കിനാവുണ്ട്. ജന്മിയുടെ ആള്‍ക്കാര്‍ മറ്റുള്ളവരുടെ അളവും തൂക്കവും നോക്കിയശേഷം തന്നെ സമീപിക്കുന്നു. അവര്‍ അളക്കുന്ന ടേപ്പ് തന്റെ കഴുത്തില്‍ കുരുങ്ങുന്നതായും ജന്മിയുടെ ആള്‍ക്കാര്‍ വലിച്ചിഴയ്ക്കുന്നതായും തോന്നിയ ഫാന്റസി! ഒരു ഇല്യൂഷന്‍ സീനും മറ്റു സീനുകളും തമ്മില്‍ ദീപവിതാനത്തില്‍ പുലര്‍ത്തേണ്ട വ്യത്യാസമറിയാത്ത മട്ടിലായി ആ രംഗം കൈകാര്യം ചെയ്തത്. ഈയൊരു പാളിച്ച ഒഴിച്ചാല്‍ പുതിയ കാലത്തിനിണങ്ങിയമട്ടിലുള്ള പുതിയ രംഗഭാഷ്യം എന്ന നിലയ്ക്ക് രാവുണ്ണിയുടെ ക്യാമ്പസ്വല്‍ക്കരണത്തില്‍ വിജേഷും സംഘവും ഏറെ മുന്നേറിയിട്ടുണ്ട്.

    മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ തിയേറ്റര്‍ വിങ്ങിന്റെ ബാനറില്‍ താജ് അനുസ്മരണ സമിതിയുടെ സഹകരണത്തോടെ അവതരിപ്പിച്ച ഈ നാടകം തീര്‍ച്ചയായും ക്യാമ്പസിന്റെ തിളക്കങ്ങള്‍ പുറത്തുകൊണ്ടു വരുന്നതില്‍ ഏറെ വിജയിച്ചിട്ടുണ്ട്. ഷിബിനാ റോസിലിയും അനശ്വരയും ശ്രീനാഥും മുഹമ്മദ് ഫാറൂഖും ഛന്ദസ്സും അശ്വനിയും അശ്വതിയും അശ്വിനും അമീന്‍ അബ്ദുള്ളാ അഹാദും ഷെറിനും അശ്വതി സിയും നിതിനും യതിയും ഇവരെയൊക്കെ ഒറ്റച്ചരടില്‍ കോര്‍ത്ത വിജേഷും പിന്നണി പ്രവര്‍ത്തകരായ ടി സുരേഷ്ബാബു, സുധാകരന്‍ രാമനാട്ടുകര, കെ കെ സന്തോഷ്കുമാര്‍ പാലത്ത്, എം രാജഗോപാല്‍, ഫാരിസ് മാഷ്, വില്‍സണ്‍ സാമുവല്‍, കുഞ്ഞന്‍ ചേളന്നൂര്‍, മുരളി പറയഞ്ചേരി, എം പി സി, റോയ് മലപ്പുറം, വിനോദ് നിസരി, പരാഗ് മുരളീധരന്‍, ബിനോയ്, സന്തോഷ് നിലമ്പൂര്‍ എന്നിവരും ചേര്‍ന്നൊരുക്കിയ ഈ പുതിയ രംഗഭാഷ്യം ക്യാമ്പസിന്റെ സമ്പന്നമായ സാധ്യത കൂടി തെളിയിച്ചുകാട്ടി! നാടകപ്രവര്‍ത്തകരാകെ ഈ കൂട്ടായ്മയെ അനുമോദിക്കേണ്ടിയിരിക്കുന്നു. ഇതിന് കൂടുതല്‍ വേദികള്‍ നല്‍കി പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

Friday, May 17, 2013


സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍

ജസ്റ്റിന്‍ മാത്യു


കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠനസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്


കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന അവസ്ഥയില്‍, പൊതുജനത്തിന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകളെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് സാര്‍വത്രികവിദ്യാഭ്യാസം നല്‍കാന്‍ അവശ്യമാണ്. അക്കാദമിക് കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. മെറിറ്റ്, കാര്യക്ഷമത എന്നിങ്ങനെ നവ ലിബറല്‍ ചിന്താഗതിയുടെ ആശയങ്ങളുപയോഗിച്ച് പൊതുവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനുള്ള മുന്നൊരുക്കമാണിത്.

മാധവമേനോന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണവുമായി അടുത്ത സാമ്യമുണ്ട്. സ്വയംഭരണവും അക്കാദമിക നിലവാരം മനസ്സിലാക്കാനുള്ള 'അളവുകോലുകളുടെ' നിര്‍മിതിയും സ്വാശ്രയ ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കലും 'ഇന്നൊവേഷന്‍ പ്രൊജക്ടുകളു'മെല്ലാം എഴുപതുകളിലും എണ്‍പതുകളിലും യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന്റെ തുടക്കമായിരുന്നു.

മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന, സ്വയംഭരണം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ വെച്ചുനോക്കിയാല്‍ കേരളത്തിലെ സാംസ്‌കാരികരംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന പല സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വയംഭരണം കിട്ടില്ല. പരീക്ഷകളില്‍ ലഭിക്കുന്ന സര്‍വകാലശാലാ റാങ്ക്, കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും എണ്ണം, പിഎച്ച്.ഡി.കളുടെ എണ്ണം, പ്രോജക്ടുകളുടെ എണ്ണം, ജോലിക്കാരുടെ എണ്ണം, കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക ഭദ്രത, പണമുണ്ടാക്കാനുള്ള അവരുടെ കഴിവ്, നൂതനമായ പരിഷ്‌കാരങ്ങള്‍ കണ്ടെത്താനും നടത്താനുമുള്ള കഴിവ് എന്നിവ സ്വയംഭരണം നേടാന്‍ പറയുന്ന വ്യവസ്ഥകളില്‍ ചിലതാണ്. ഇപ്പറയുന്ന പലതുമില്ലാതെ വിദ്യാര്‍ഥികളെ നല്ലരീതിയില്‍ എഴുതാനും വിശകലനം ചെയ്യാനും പഠിപ്പിക്കുന്ന സര്‍ക്കാര്‍ കോളേജുകളുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ രണ്ടാംനിരയിലേക്ക് പിന്തള്ളപ്പെടുകയായിരിക്കും ഫലം.

സ്വയംഭരണം ലഭിക്കാന്‍ വേണ്ട മറ്റൊരു വ്യവസ്ഥ 'നാക്' കൊടുക്കുന്ന 'എ' ഗ്രേഡ് പദവിയാണ്. ഡല്‍ഹി സര്‍വകാലശാലയിലെ കോളേജുകളില്‍ 'നാക്കി'ന്റെ നിലവാരമളക്കല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. 'നാക്' കൊടുക്കുന്ന സ്റ്റാര്‍ പദവികൊണ്ടല്ല അക്കാദമിക നിലവാരം അളക്കേണ്ടത് എന്നതുകൊണ്ടും സ്വകാര്യവത്കരണത്തിന്റെ ആമുഖമാണെന്നതുകൊണ്ടുമാണ് എതിര്‍പ്പുണ്ടായത്. മാത്രമല്ല 'നാക്' ടീമുകളുടെ രൂപവത്കരണംതന്നെ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്.

ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജ് സ്വയംഭരണത്തിനുവേണ്ടി നടത്തിയ ശ്രമത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് അടുത്തിടെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ പൊതുസ്വത്താണ്, അതുകൊണ്ടുതന്നെ അത് സര്‍ക്കാറിന്റെയും പൊതുസര്‍വകലാശാലയുടെയും നിയന്ത്രണത്തിനുകീഴില്‍ നില്‍ക്കേണ്ടത് ജനാധിപത്യ, മതേതര സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്. സാമ്പത്തിക, അക്കാദമിക് മേഖലകളില്‍ സ്വയംഭരണം കിട്ടുന്നതുവഴി അധ്യാപകരുടെയോ വിദ്യാര്‍ഥികളുടെയോ ബൗദ്ധികസ്വാതന്ത്ര്യം കൂടുമോ അതോ കുറയുമോ എന്ന് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആലോചിക്കണം.

കേരളത്തിലെ എത്ര എയ്ഡഡ് കോളേജുകളിലെ അധ്യാപകനിയമനം ജാതി, മതം, വികസന ഫണ്ടിലേക്ക് 'സംഭാവന' കൊടുക്കാനുള്ള ഉദ്യോഗാര്‍ഥിയുടെ കഴിവ് തുടങ്ങിയ പരിഗണനകളില്ലാതെ അക്കാദമിക മികവ് പരിഗണിച്ച് നടക്കുന്നുണ്ട് എന്ന നിഷ്പക്ഷമായ ഒരു പഠനം സ്വയംഭരണം നല്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള അവസ്ഥയില്‍പ്പോലും സര്‍വകലാശാലകള്‍ക്കോ സര്‍ക്കാറിനോ അധ്യാപകനിയമനത്തിനുമുകളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇനി വിദ്യാര്‍ഥിപ്രവേശനത്തിന്റെ കാര്യം നോക്കുക. എത്ര മാനേജ്‌മെന്റ് കോളേജുകള്‍ സര്‍ക്കാറും യു.ജി.സി.യും നല്കുന്ന നിര്‍ദേശങ്ങള്‍ ഒരു കോട്ടവുംതട്ടാതെ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നുണ്ട്?

സ്വകാര്യ കോളേജുകള്‍ക്ക് പരമാവധി സ്വയംഭരണം നല്കിയാലേ അവിടെ മുന്തിയ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കൂ എന്നില്ല. പക്ഷേ, സ്വയംഭരണം കൊണ്ട് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ എന്ത് മാറ്റമാണ് അക്കാദമിക് രംഗത്ത് വരാന്‍പോകുന്നതെന്ന് മനസ്സിലാകുന്നില്ല.

മാധവമേനോന്‍ കമ്മിറ്റിയുടെ പൊരുള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കേരളത്തിലുള്ളതെങ്കില്‍ കുറെയേറെ ആശങ്കകള്‍ ഇല്ലതായേനെ. നിയമങ്ങളും അത് പാലിക്കപ്പെടുന്നതും തമ്മിലുള്ള അന്തരമാണ് സ്വയംഭരണാധികാരം ആശങ്കയുളവാക്കുന്ന ഒരു നടപടിയാക്കുന്നത്.

സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ വിപണിമൂല്യം നോക്കാതെ എല്ലാ കോഴ്‌സുകളെയും സംരക്ഷിക്കുമെന്ന പ്രതീക്ഷവെക്കുന്നതില്‍ അര്‍ഥമില്ല. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര സിലബസ്സില്‍ നിന്ന് വിപ്ലവങ്ങളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും ചരിത്രം എടുത്തുകളയാനുള്ള സമ്മര്‍ദം വളരെ ശക്തമാണ്. ഒരു കേന്ദ്രസര്‍വകലാശാലയില്‍വരെ അവസ്ഥ ഇതാകുമ്പോള്‍ ഇടതുപക്ഷമെന്ന് കേട്ടാല്‍ വാളെടുക്കുന്ന മനേജ്‌മെന്റ് കോളേജുകള്‍ക്ക് സിലബസ് രൂപപ്പെടുത്താനുള്ള അവകാശം കിട്ടുമ്പോള്‍ ജനകീയചരിത്രത്തിന്റെയും സാമൂഹികവിമര്‍ശന സിദ്ധാന്തങ്ങളുടെയും സ്ഥിതി എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പണംകൊയ്യുന്ന കോഴ്‌സുകള്‍ മാത്രം നടത്തുകയും അല്ലാത്തവ പൂര്‍ണമായും അടച്ചുപൂട്ടുകയുമായിരിക്കും ഫലം.

സ്വയഭരണ കോളേജുകളുടെ അക്കാദമിക് കൗണ്‍സിലാണ് (എ.സി). ഏതു കോഴ്‌സ് എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, മാനേജ്‌മെന്റിന് മുന്‍തൂക്കമുള്ള രീതിയില്‍ അംഗസംഖ്യ നിശ്ചയിക്കുന്നതിനപ്പുറം സാമൂഹിക, സാമ്പത്തിക വൈവിധ്യത്തെ ഉള്‍ക്കൊണ്ടുള്ള പ്രാതിനിധ്യസംവിധാനത്തിലൂടെ എ.സി.യെ സുതാര്യമാക്കാനുള്ള യാതൊരു സംവിധാനവുമില്ല. സമൂഹത്തിലെ വൈവിധ്യങ്ങളെപ്പറ്റി ആലോചിക്കുകപോലും ചെയ്യാന്‍ ബാധ്യതകളില്ലാത്ത ഒരു എ.സി. രൂപപ്പെടുത്തുന്ന ഡിപ്ലോമ കോഴ്‌സുകളെപ്പറ്റി സമൂഹം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

'ഒരു പൊതുനിലവാര അളവുകോല്‍' ഉണ്ടാക്കി സ്വയംഭരണ കോളേജുകളുടെ നിലവാരം സര്‍ക്കാറും സര്‍വകലാശാലയും ആണ്ടോടാണ്ട് ഉറപ്പുവരുത്തും എന്നുപറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ഒരു പൊതു അളവുകോലുകൊണ്ട് അളക്കുക? കണക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്ത് മനസ്സിലാക്കാന്‍ പറ്റുന്നതല്ല അക്കാദമിക് നിലവാരം. സാമൂഹികശാസ്ത്രകാരന്‍ പീര്‍ ഇല്‍നര്‍ അക്കാദമിക് മേഖലയിലെ 'കണക്കെടുപ്പ് സംസ്‌കാരം' (ഓഡിറ്റ് കള്‍ച്ചര്‍) എന്നാണ് ഈ അളവുകോലിനെ വിശേഷിപ്പിക്കുന്നത്. പിഎച്ച്.ഡി.കളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും പ്രോജക്ട് വര്‍ക്കുകളുടെയും എണ്ണവും കെട്ടിടത്തിന്റെ മനോഹാരിതയുടെയും പൂന്തോട്ടങ്ങളുടെയും പേരിലാണ് നിലവാരം അളക്കുന്നതെങ്കില്‍ അത് നവ ലിബറല്‍ മൂലധനയുക്തിയാണ്. വിദ്യാര്‍ഥികള്‍ വായിച്ച പുസ്തകങ്ങളെയും അവരുടെ വിശകലന ശേഷിയെയും അളക്കുക. ക്ലാസ്‌റൂമിലും പുറത്തും നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം അളക്കുക. അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവുത്പാദനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നെന്ന് അളന്നുനോക്കുക. അതോടൊപ്പം കോളേജ്‌ലൈബ്രറി വാങ്ങിയ പുസ്തകങ്ങളുടെയും ജേണലുകളുടെയും അവ എത്രപേര്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നീ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവാരം അളക്കുക. ഇങ്ങനെയൊക്കെയാണോ ചെയ്യുകയെന്ന് ഉറപ്പില്ല.

അധ്യാപകരും വിദ്യാര്‍ഥികളും പല മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമെല്ലാം സ്വയംഭരണത്തിന്റെ വരുംവരായ്കകളെ പഠിക്കട്ടെ. അവരുടെ അഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുത്തുവേണം ഇത് നടപ്പാക്കാന്‍ .

(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )