Thursday, August 15, 2013

ഉത്തരാഖണ്ഡ് ഒരു അനുഭവക്കുറിപ്പ്‌

ഡോ. ടി.എസ്. അനീഷ്‌


ഉത്തരാഖണ്ഡില്‍ ദുരിത നിവാരണത്തിനായി ചെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തില്‍ അംഗമായിരുന്ന ലേഖകന്റെ അനുഭവവിവരണം


ദേവഭൂമിയെന്ന് വിളിപ്പേരുള്ള ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ ജൂലായ് 14-ാം തീയതി രാത്രി 11.45-ന് ട്രെയിനെത്തുമ്പോള്‍ ഞങ്ങളുടെ സംഘം യാത്രതുടങ്ങി 63 മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. യാത്രാസംഘം എന്നുപറയുമ്പോള്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് ഫാര്‍മസിസ്റ്റുകളും ഏഴ് ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ ദുരിത നിവാരണ മെഡിക്കല്‍ ടീം. കുറച്ച് മണിക്കൂര്‍മുമ്പുതന്നെ ഹരിദ്വാര്‍ ഞങ്ങള്‍ പിന്നിട്ടിരുന്നു. ഋഷികേശിലേക്ക് ഡെറാഡൂണില്‍നിന്ന് 50 കിലോമീറ്റര്‍മാത്രമേയുള്ളൂ. പ്രളയബാധിത പ്രദേശങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ എത്രയോ താഴ്ന്ന നിരപ്പിലാണ്. ഡെറാഡൂണില്‍ ഒരു രാത്രി തങ്ങിയ ഞങ്ങള്‍ പിറ്റേദിവസം രാവിലെ രണ്ടായിപ്പിരിഞ്ഞ് രണ്ട് ജില്ലയിലേക്ക് യാത്രയായി. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതംവിതച്ച രണ്ട് ജില്ലയാണ് കോദാര്‍നാഥ്‌ക്ഷേത്രം ഉള്‍പ്പെടുന്ന രുദ്രപ്രയാഗും ബദരീനാഥ് ഉള്‍ക്കൊള്ളുന്ന ചമോലിയും. രുദ്രപ്രയാഗ് ജില്ലയിലേക്ക് പുറപ്പെട്ട ആദ്യസംഘത്തിലായിരുന്നു ഈ ലേഖകന്‍. റോഡുമാര്‍ഗം എത്താന്‍ കഴിയുന്ന അവസാനയിടമെന്ന് മാധ്യമങ്ങള്‍ പറയുന്ന ഗുപ്തകാശിയില്‍നിന്ന് പിന്നെയും 25 കിലോമീറ്റര്‍ ഉള്ളില്‍ ബിയോങ് എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. ബിയോങ്ങില്‍നിന്ന് കേദാര്‍നാഥിലേക്ക് 30 കിലോമീറ്ററോളമേയുള്ളൂ. അവിടെനിന്ന് വീണ്ടും കാല്‍നടയായി ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് കടക്കുകയായിരുന്നു ഞങ്ങളുടെ പദ്ധതി.ഡെറാഡൂണില്‍നിന്ന് ബിയോങ്ങിലേക്ക് സുമാര്‍ 400 കിലോമീറ്റര്‍ ദൂരമുണ്ട്. യാത്ര 15 മുതല്‍ 60 മണിക്കൂര്‍ വരെ നീളാമെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ അതിശയം തോന്നി. അതിന്റെ പൊരുള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മടക്കയാത്രയിലാണ്. ഡെറാഡൂണില്‍നിന്ന് പുറപ്പെട്ടാല്‍ ആദ്യ 200 കിലോമീറ്ററോളം യാത്ര താരതമ്യേന സുഖകരമാണ്. റോഡ് അങ്ങിങ്ങ് തകര്‍ന്നുകിടക്കുന്നുവെന്നതും ഒരുവശം മലയും മറ്റേവശം കൊല്ലിയുമായ പാതകളാണ് എന്നതും അല്പം ഭീതി ജനിപ്പിക്കുമെന്നേയുള്ളൂ. ഇത്രയും ദൂരം കഴിഞ്ഞാല്‍ മയാലി എന്ന സ്ഥലത്തെത്തും. മയാലിയില്‍നിന്ന് ഗുപ്തകാശിവരെയുള്ള 100 കിലോമീറ്ററുകളില്‍ അധികംദൂരം അത്യന്തം ദുഷ്‌കരമാണ്. ഏത്‌സമയവും മലയിടിഞ്ഞ് റോഡില്‍ വീഴാം. വാഹനത്തിന്റെ ടയറുകള്‍ തെന്നിയാല്‍ വീഴുന്നത് നൂറുകണക്കിന് അടി താഴ്ചയിലേക്കായിരിക്കും. ഗുപ്തകാശിയില്‍നിന്ന് പിന്നങ്ങോട്ടുള്ള 50 കിലോമീറ്ററിന്റെ കാര്യം പറയേണ്ടതില്ല. തദ്ദേശവാസികളും ചില സന്നദ്ധസംഘങ്ങളുമല്ലാതെ ആരും ആ വഴിക്ക് പോകുന്നില്ല. സര്‍ക്കാര്‍ ഓഫീസര്‍മാര്‍പോലും ഗുപ്തകാശിയില്‍ തങ്ങി ഹെലികോപ്റ്റര്‍ മുഖാന്തരം മറ്റിടങ്ങളില്‍ പോയിവരാനാണ് ശ്രമിക്കുന്നത്.

ഡ്രൈവര്‍ അജയ്‌യുടെ അനിതരസാധാരണമായ ഡ്രൈവിങ് മികവും കാലാവസ്ഥയും ആകാവുന്നത്ര ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് (15 മണിക്കൂര്‍) താമസസ്ഥലത്തെത്തുന്നതില്‍ ഞങ്ങളെ സഹായിച്ചു. ചിലയിടങ്ങളില്‍ മലയിടിച്ചില്‍ കാരണം യാത്ര കുറച്ചുമണിക്കൂറുകള്‍ തടസ്സപ്പെട്ടതും ഒരിടത്ത് വണ്ടിയുടെ പിന്‍ടയര്‍ തെന്നി കൊല്ലിയുടെ വക്കില്‍ച്ചെന്നുനിന്നതും മാത്രമാണ് യാത്രയെ തടസ്സപ്പെടുത്തിയ കാര്യങ്ങള്‍. ഡ്രൈവര്‍ ഇടതടവില്ലാതെ ഗുഡ്ക അഥവാ പാന്‍ ചവച്ചിരുന്നു. പുരുഷപ്രജകളില്‍ മിക്കവരും ഈ ശീലദോഷത്തിന് അടിമകളാണെന്ന് പിന്നീട് മനസ്സിലായി. പുകയില വികൃതമാക്കിയ വായകളും ശ്വാസകോശങ്ങളും മെഡിക്കല്‍ക്യാമ്പുകളിലുടനീളം കാണാന്‍ കഴിഞ്ഞു. കൈയിലുള്ള പാന്‍ തീര്‍ന്നുപോകുന്നത് ഡ്രൈവറെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
ഇടിഞ്ഞുപോയതും തെന്നുന്നതുമായ മലമ്പാതയിലൂടെ 15 മണിക്കൂര്‍കൊണ്ട് ഇത്രയുംദൂരം പിന്നിടുകയെന്നത് അദ്ഭുതമായിരുന്നു. അതേസമയം, മടക്കയാത്രയില്‍ ഞങ്ങള്‍ പലസ്ഥലത്തും കുടുങ്ങി. ഇതിനിടയില്‍ ഒരു മലയടിച്ചിലിനുമുമ്പില്‍മാത്രം കുടുങ്ങിപ്പോയത് ഏഴുമണിക്കൂറിനുമേലേയാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) രുദ്രപ്രയാഗ് ജില്ലാസെക്രട്ടറിയുടെ വീടിനോടുചേര്‍ന്ന ചെറിയ ലോഡ്ജിലാണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ഗുപ്തകാശി മുതല്‍ കേദാര്‍നാഥ് വരെയുള്ള പാതയുടെ ഓരത്തുള്ള വീടുകളില്‍ ഒട്ടുമിക്കയിടങ്ങളിലുമുണ്ട് ഇതുപോലെയുള്ള ലോഡ്ജ്‌സൗകര്യം. ഗംഗോത്രിയിലേക്കും ഗൗരീകുണ്ഡിലേക്കും കേദാര്‍നാഥിലേക്കുമൊക്കെ എത്തുന്ന തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇവര്‍ താമസസൗകര്യം നല്‍കുന്നു. ആയിരക്കണക്കിന് തീര്‍ഥാടകര്‍ അന്തിയുറങ്ങിയിരുന്ന ഈ കൂരകള്‍ ഇന്ന് വിജനമാണ്, ഇതിനെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലും. അര്‍ധരാത്രിയില്‍ എത്തിയ ഞങ്ങള്‍ മെഴുകുതിരി വെട്ടത്തിലിരുന്ന് ഭക്ഷണം കഴിച്ചു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍, കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇലക്ട്രിസിറ്റിയില്ല. കേദാര്‍നാഥ് ദുരന്തത്തിനുശേഷം ആഴ്ചകളായിട്ടും റോഡ്, കറന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഈ ഗ്രാമങ്ങളില്‍ നേരേയാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ മടക്കയാത്രയ്ക്ക് ഇറങ്ങുമ്പോഴും ഈ സ്ഥിതി തുടരുകയായിരുന്നു.
അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാറിന് എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള അവസാന ടൗണായ ഗുപ്തകാശിയില്‍നിന്ന് പിന്നെയും 25 മുതല്‍ 50 വരെ കിലോമീറ്ററിനുള്ളില്‍ വ്യാപിച്ചുകിടക്കുന്ന ബിയോങ്, ബഡാസു, മേഖണ്ഡ, ഫാട്ട, രാംപുര്‍, സീതാപുര്‍, സോന്‍പ്രയാഗ്, ത്രിയുഗിനാരായണ്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഞങ്ങളുടെ ക്യാമ്പ്. പല ഉള്‍നാടന്‍ ഗ്രാമങ്ങളും അപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

ഏഴ് ക്യാമ്പുകളിലായി ആയിരത്തോളം ആളുകളെ ഞങ്ങള്‍ പരിശോധിച്ചു. ശരീരവേദനയായിരുന്നു പ്രധാന രോഗലക്ഷണം. അതേസമയം, ശാരീരിക അവശതകള്‍ കണ്ടെത്തിയവരുടെ എണ്ണം കുറവായിരുന്നു. മാനസിക വ്യാകുലതകളുടെ ശാരീരികലക്ഷണം മാത്രമാണ് ഈ രോഗമെന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലായി. ഇടിഞ്ഞുവീഴുന്ന മലകളും ഒലിച്ചുപോയ പ്രിയപ്പെട്ടവരും ഒറ്റപ്പെടലും വരുമാനത്തില്‍ പെട്ടെന്നുണ്ടായ ഇടിവും ഒക്കെച്ചേര്‍ന്ന് അവിടത്തെ ജനങ്ങളെ ഭയവിഹ്വലരാക്കിയിരിക്കുന്നു. സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രസവങ്ങള്‍ ഉള്‍പ്പെടെ അടിയന്തരവൈദ്യസഹായംവേണ്ട അവസരങ്ങളില്‍ പ്രാര്‍ഥനയെമാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടത്തെ ജനങ്ങള്‍. പക്ഷാഘാതം ബാധിച്ച ഒരു വൃദ്ധയെ അവരുടെ വീട്ടില്‍വെച്ചുതന്നെ ചികിത്സിക്കേണ്ടി വന്നു. അത്യാവശ്യമുള്ള മരുന്നുകള്‍ ആളെവിട്ട് ഗുപ്തകാശിയില്‍നിന്ന് വരുത്തിച്ചു. പൂര്‍ണ ആരോഗ്യവാനായ ആള്‍ ഗുപ്തകാശിയില്‍ പോയിവരാന്‍തന്നെ ഒരു ദിവസത്തോളമെടുത്തു. അടുത്ത് സ്‌പെഷാലിറ്റി ആസ്​പത്രികളുള്ളത് നൂറുകണക്കിന് കിലോമീറ്റര്‍അകലെയുള്ള ശ്രീനഗറിലും (കശ്മീരിലെ ശ്രീനഗറല്ല) ഡെറാഡൂണിലുമാണ്. തത്കാലം മരുന്നുകള്‍ നല്‍കി രോഗിയെ എങ്ങനെയെങ്കിലും ശ്രീനഗറിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് മടങ്ങേണ്ടിവന്നു. ഞങ്ങളുടെ ടീമിന് എത്തിപ്പെടാന്‍ കഴിഞ്ഞ അവസാനസ്ഥലങ്ങളായ സോന്‍പ്രയാഗ്, ത്രിയുഗിനാരായണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരന്തത്തിന്റെ യഥാര്‍ഥമുഖം കാത്തിരുന്നത്.

കേദാര്‍നാഥില്‍നിന്ന് ഉത്ഭവിക്കുന്ന മന്ദാകിനി നദി, 'സോന്‍' എന്ന മറ്റൊരു നദിയുമായി സംഗമിക്കുന്ന സ്ഥലമാണ് സോന്‍പ്രയാഗ്. മന്ദാകിനി പിന്നീട് രുദ്രപ്രയാഗില്‍വെച്ച് ബദരീനാഥില്‍നിന്ന് പുറപ്പെടുന്ന അളകനന്ദയുമായി ചേര്‍ന്ന് ഭാഗീരഥിയായി മാറുന്നു. ഈ നദി ഋഷികേശില്‍ ഗംഗയുമായി സംഗമിക്കുകയാണ് ചെയ്യുന്നത്. സോന്‍പ്രയാഗില്‍നിന്ന് കേദാര്‍നാഥിലേക്ക് 20 കിലോമീറ്ററേയുള്ളൂ (ഈ വഴി ഇപ്പോള്‍ സഞ്ചാരയോഗ്യമല്ല). സോന്‍പ്രയാഗില്‍ മന്ദാകിനിയുടെ തീരത്ത് ഒരു വലിയ മൈതാനമുണ്ടായിരുന്നുപോലും. ഇന്ന് ഇവിടെ കുറേ തകര്‍ന്ന കെട്ടിടങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉരുളന്‍കല്ലുകളും മാത്രമേയുള്ളൂ.
സോന്‍പ്രയാഗില്‍നിന്ന് കാട്ടിനുള്ളിലൂടെയുള്ള ടാര്‍ റോഡിലൂടെ 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഉള്‍നാടന്‍ ഗ്രാമമായ ത്രിയുഗിനാരായണില്‍ എത്താം. ത്രിയുഗിനാരായണിലായിരുന്നു അവസാനക്യാമ്പ്. അങ്ങോട്ടുപോകുമ്പോള്‍ ഒട്ടൊക്കെ ഗതാഗതയോഗ്യമായിരുന്ന മലമ്പാത തിരിച്ചുവരുന്ന സമയമായപ്പോഴേക്കും തകര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ കാട്ടുപാതയിലൂടെ ഒരു വലിയ മല കുത്തനെ ഇറങ്ങേണ്ടിവന്നു. ത്രിയുഗിനാരായണില്‍വെച്ച് പരിചയപ്പെട്ട സാധുവായ മധ്യവയസ്‌കന്റെ അനുഭവം ദുരന്തത്തിന്റെ യഥാര്‍ഥമുഖം വരച്ചുകാട്ടി. വൃദ്ധയായ അമ്മയ്ക്കുവേണ്ടി മരുന്നുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാര്യ നേരത്തേ മരിച്ചിരുന്ന അദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളായിരുന്നു തുണ. സ്വന്തമായി ഉണ്ടായിരുന്ന കുതിരവണ്ടിയില്‍ ആളുകളെ കേദാര്‍നാഥില്‍ എത്തിക്കുകയായിരുന്നു അവരുടെ തൊഴില്‍. കൗമാരപ്രായക്കാരായ മൂന്നുപേരും കുതിരവണ്ടി ഉള്‍പ്പെടെ പ്രളയത്തില്‍ ഒലിച്ചുപോയത്രേ. ഇതുവരെ ഒരു വിവരവുമില്ല.

അവിടെ എത്തുമ്പോള്‍ത്തന്നെ കുറേ ആളുകള്‍ ഞങ്ങളോട് കയര്‍ത്തുതുടങ്ങി. അവര്‍ വിചാരിച്ചത് ഞങ്ങള്‍ സര്‍ക്കാറിന്റെ ആളുകളാണെന്നായിരുന്നു. കേരളത്തില്‍നിന്നെത്തിയ സന്നദ്ധപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പരാതികളുടെ കെട്ടഴിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അയാള്‍ മരിച്ചു പോയി' എന്നായിരുന്നു ഉത്തരം. പിന്നീടാണ് മനസ്സിലായത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള പഞ്ചായത്തിനെ വിമര്‍ശിക്കുകയായിരുന്നു നാട്ടുകാരെന്ന്. സംസ്ഥാനമായി മാറിയിട്ട് 13 വര്‍ഷമായെങ്കിലും അവിടെ പഞ്ചായത്തീരാജ് വ്യവസ്ഥിതി ഇതുവരെ നിലവില്‍വന്നിട്ടില്ല. പഞ്ചായത്തുകള്‍ക്കുള്ള അധികാരങ്ങളും വിഭവങ്ങളും പരിമിതമാണ്. പഞ്ചായത്തോഫീസില്‍ ഒരു മേശയും കസേരയുമുണ്ടെങ്കില്‍ ഭാഗ്യം. ആസ്​പത്രിയും കൃഷിഓഫീസും പൊതുമരാമത്തും കുടിവെള്ളവുമൊന്നുംതന്നെ പഞ്ചായത്തിന്റെ കീഴിലല്ല. കാര്യക്ഷമമായ പഞ്ചായത്തീരാജ് വ്യവസ്ഥിതിയുണ്ടായിരുന്നെങ്കില്‍ പ്രളയത്തെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറെ കാര്യക്ഷമമായിരിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടായിരുന്നത് ഫാട്ട എന്ന സ്ഥലത്താണ്. 25 കിലോമീറ്റര്‍ അകലെ ഗുപ്തകാശിയില്‍ നമ്മുടെ താലൂക്ക് ആസ്​പത്രിയോളംവരുന്ന വലിയ ആസ്​പത്രിയുണ്ട്. ഫാട്ടയിലെ ആസ്​പത്രിയിലെ ഡോക്ടര്‍ ഭണ്ഡാരി ആസ്​പത്രിയോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിലാണ് താമസം. എന്നാല്‍, ആസ്​പത്രിക്ക് ആരോഗ്യപ്രവര്‍ത്തക(എ.എന്‍.എം.)മാത്രമേയുള്ളൂ. ആരോഗ്യപ്രവര്‍ത്തകന്‍ ഇല്ല. രണ്ടായിരത്തില്‍ത്താഴെ ജനസംഖ്യമാത്രമേയുള്ളൂ എന്ന കാരണംപറഞ്ഞാണ് ഒരു ആരോഗ്യപ്രവര്‍ത്തകയെ മാത്രം നിയമിച്ചിരിക്കുന്നത്. എന്നാല്‍, ഈ പ്രവര്‍ത്തക സഞ്ചരിക്കേണ്ട ദൂരവും മലനിരകളുടെ വലിപ്പവും കണക്കാക്കിയാല്‍ ഇത് നമ്മുടെ നാട്ടിലെ 20,000-ത്തിന് സമമാണ്. ഈ എ.എന്‍.എമ്മിനെ സഹായിക്കാന്‍ ഒരേയൊരു 'ആശ' പ്രവര്‍ത്തകമാത്രം. അങ്കണവാടികളാകട്ടെ വളരെ അപൂര്‍വം. ഒരു പഞ്ചായത്തില്‍ത്തന്നെ മുപ്പതിലധികം അങ്കണവാടികളും അത്രതന്നെ ആശാപ്രവര്‍ത്തകരും. പത്തുപന്ത്രണ്ട് ആരോഗ്യപ്രവര്‍ത്തകരുമൊക്കെ (തസ്തികകളെങ്കിലും) ഉള്ള കേരളം ഇക്കാര്യത്തില്‍ 'സുഭിക്ഷ'മാണ്. ഫീല്‍ഡ് ആരോഗ്യപ്രവര്‍ത്തനം ഇവിടങ്ങളില്‍ നടക്കുന്നേയില്ല. ഞങ്ങള്‍കണ്ട ഒരു സ്ത്രീക്ക് ക്ഷയരോഗം കണ്ടെത്തിയിട്ട് രണ്ടുവര്‍ഷത്തോളമായി. ചികിത്സ ഇതുവരെ തുടങ്ങിയിട്ടില്ല.
ഒരാഴ്ചയോളം ഉത്തരാഖണ്ഡിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചെലവഴിച്ചശേഷം ജൂലായ് 22-ന് ഡെറാഡൂണിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മടക്കയാത്രയ്ക്ക് അങ്ങോട്ടുപോയതിന്റെ ഇരട്ടി സമയമെടുത്തു. ഏകദേശം ഒരു മുഴുവന്‍ ദിവസം.